അലകടലാമെന് മനസ്സില് നീയിന്ന് നനുത്ത സൌഹൃദമഴയായ് പെയ്യുന്നു നിനവിലിന്നതിന് മധു കിനിയുന്നു അതെന്റെ ജീവനില് പടര്ന്നലിയുന്നു കരുണയറ്റൊരീ ജഗത്തിലോരോരോ നിമിഷവുമെണ്ണി കഴിഞ്ഞിടുമ്പോഴും തണുത്തൊരു കാറ്റായ് മനസ്സില് വീശും നിന് പ്രിയതരം സ്മൃതി , ഒരേയൊരാശ്വാസം തിരക്കുകള്ക്കെന്നെ സ്വയമര്പ്പിച്ചു ഞാന് ഋതു ഭേദങ്ങളുമറിയാതെ പോകെ കവിതയായി നീ വരുമെന്നോര്മ്മയില് മധുരബാല്യത്തെ തിരിച്ചു തന്നീടാന് മറക്കുവാനാവില്ലൊരിക്കലും തപ്ത- മനസ്സിനെയാറ്റും പ്രിയ വചസ്സുമായ് ഇനിയ സൌഹൃദച്ചിരി പൊഴിച്ചിടും നറുനിലാ മുഖം, കിനാവു മാത്രമോ അലപോല് ദു:ഖങ്ങള് അവസാനിക്കാതെ ഉയിരിന് തീരത്തേക്കടുത്തിടുമ്പോഴും മനസ്സില് നീ പെയ്വൂ പ്രിയസ്മൃതികള് തന് മഴ; അതെന് വാഴ്വിന് ലയമായ്ത്തീരുന്നു