സച്ചിന് വിരമിച്ചു.അങ്ങനെയൊരു ദിവസം വരുമെന്നറിയാമായിരുന്നെങ്കിലും എന്തോ വല്ലാത്ത വിഷമം.സ്ഥിരമായൊന്നും കളി കാണാതെയായിട്ട് വര്ഷങ്ങളായി.എങ്കിലും സച്ചിന് സച്ചിന് തന്നെ മനസ്സില്.ഞാന് ക്രിക്കറ്റ് ആദ്യമായി കാണുന്നതു തന്നെ 99 ല് മാത്രമാണ്,ഇംഗ്ലണ്ടില് നടന്ന വേള്ഡ് കപ്പിലെ ഇന്ത്യ -സൌത്ത് ആഫ്രിക്ക മാച്ച്.പക്ഷേ കളിയുടെ ചരിത്രവും സ്ഥിതി വിവരക്കണക്കുകളും കുറെയൊക്കെ അറിയാമായിരുന്നു.അതു കൊണ്ട് കളി കാണുന്നതിനു മുന്പേ തന്നെ സച്ചിന് എന്ന ഹീറോ മനസ്സില് കുടിയേറിയിരുന്നു. ഏതായാലും ഞാന് ആദ്യമായി കണ്ട കളി ഇന്ത്യ തോറ്റു,പക്ഷേ അന്ന് കപ്പ് സാധ്യതയില് ഫസ്റ്റ് ബെറ്റ് ആയിരുന്ന ടീമിനോടാണല്ലോ എന്നോര്ത്തു സമാധാനിച്ചു.അടുത്ത കളി സിംബാബ്വേയോട്,അതും തോറ്റു എന്നതല്ല തോറ്റ വിധമായിരുന്നു സഹിക്കാന് പറ്റാതിരുന്നത്.ഇതിനിടെ അച്ഛന്റെ മരണവാര്ത്തയറിഞ്ഞ സച്ചിന് നാട്ടിലേക്ക് പോയി,എങ്കിലും അടുത്ത ദിവസം തന്നെ രാജ്യത്തിനു വേണ്ടി കളിക്കാനായി തിരിച്ചെത്തി.(ശ്രീലങ്കയുമായുള്ള മാച്ചില് സച്ചിന് കളിച്ച്ചിരുന്നില്ലെന്നാണോര്മ്മ,ആ കളി ദ്രാവിഡിന്റെയും ഗാംഗുലിയുടെയും സെഞ്ചുറികളുടെ സഹായത്തോടെ ഇന്ത്യ വന് മാര്ജിനില് ജയിച്ചിരുന്നു എന്നും) അച്ഛന്റെ ചിതയടങ്ങും മുന്പ് തിരിച്ചെത്തിയ സച്ചിന് കെനിയക്കെതിരെ സെഞ്ചുറി നേടുകയും ചെയ്തു.പക്ഷേ സൂപര് സിക്സിലെത്തിയ ഇന്ത്യ 3 കളികളില് ഒന്നില് മാത്രമാണ് വിജയിച്ചത് ,പാകിസ്ഥാനോട് മാത്രം.അങ്ങനെ സെമി കാണാതെ തിരിച്ചു വരേണ്ടി വന്നു.സെമിയില് പാകിസ്ഥാന് ന്യൂസിലണ്ടിനോട് ജയിച്ചു, മഴ മൂലം ലക്‌ഷ്യം പുനര് നിര്ണയിച്ച മറ്റേ സെമിയില് സൌത്ത് ആഫ്രിക്ക ആസ്ട്രേലിയയോട് നിര്ഭാഗ്യകരമായ വിധത്തില് സമനില വഴങ്ങി,പുറത്താവുകയും ചെയ്തു.ഫൈനലില് ആസ്ട്രേലിയ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തകര്പ്പന് വിജയത്തോടെ കപ്പു സ്വന്തമാക്കി. വേള്ഡ് കപ്പില് സച്ചിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.''ഏറെ പ്രതീക്ഷിച്ച ബാറ്റില് നിന്നു കിട്ടിയത് പൊട്ടും പൊടിയും മാത്രം''-എന്നു മാതൃഭൂമി മുഖപ്രസംഗമെഴുതിയത് ഓര്മ്മയുണ്ട്.ലോക കപ്പ് കഴിഞ്ഞു വന്ന ഓരോ ക്രിക്കറ്റ് പരമ്പരയും ആവേശത്തോടെ കണ്ടു.പത്താം ക്ലാസ്സില് പഠിക്കുന്ന കാലമാണ്.പഠനം എന്ന കലാപരിപാടി പരീക്ഷയുടെ ടൈം ടേബിള് വന്ന ശേഷം മാത്രം നടക്കുന്ന ഒന്നായിരുന്നതു കൊണ്ട് ക്രിക്കറ്റ് സീരീസ് ഒന്നും മുടക്കിയിരുന്നില്ല.(പഠനത്തെപ്പറ്റി പറയുമ്പോഴാണ്,10 ലെ ടെക്സ്റ്റ് പുസ്തകങ്ങളിലെ സാഹിത്യം ഭീകരമായിരുന്നു,തെറ്റിദ്ധരിക്കേണ്ട,ഭാഷാപാഠപുസ്തകങ്ങളെക്കുറിച്ചല്ല പറഞ്ഞു വരുന്നത്,ചരിത്രം ഭൂമിശാസ്ത്രം തുടങ്ങിയവയിലെ കാര്യമാണ്.പരീക്ഷയുടെ തലേന്നാള് ഹിസ്റ്ററി പഠിക്കുമ്പോള് ബോസ്റ്റണ്‍ ടീ പാര് ട്ടിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ് -''തേയിലപ്പെട്ടികള് കപ്പലില് നിന്ന് കടലിലേക്ക് എറിയപ്പെടുന്നു''കര്മ്മണി പ്രയോഗത്തിന്റെ ഉദാഹരണം ചുളുവില് പഠിക്കാന് പറ്റിയില്ലേ! ഇതു കഴിഞ്ഞ് ജ്യോഗ്രഫി ടെക്സ്റ്റ് തുറന്നാലോ, ''അതിനു ശേഷം ഉഷ്ണജലപ്രവാഹം അവിടെ നിന്ന് നീതമാവുകയും........''ഇതൊക്കെ വായിച്ചു രോമാഞ്ച കഞ്ചുകമണിയാമെന്നു വച്ചാല് നേരവുമില്ല!) എസ് എസ് എല് സി പരീക്ഷയുടെ സമയത്തായിരുന്നു ഷാര്ജാ കപ്പ്.ഞാന് അടഞ്ഞ മുറിക്കകത്ത് പഠിക്കുമ്പോള് അച്ഛന് കളി കാണും,ഇടയ്ക്ക് അമ്മയും.അച്ഛന് മുറിയുടെ ജനലിനരികില് വന്ന് അമ്മ കാണാതെ കളിയുടെ പുരോഗതി അറിയിച്ചു കൊണ്ടിരിക്കും.അഗാര്കറിനെയും ശ്രീനാഥിനെയും ഒക്കെ ചീത്ത പറയുന്നുമുണ്ടാവും,ക്യാച് വിട്ട ജഡേജയെയും.സച്ചിന് ഒഴികെ എല്ലാവര്ക്കും ഇതു കിട്ടാറുണ്ട്. സൌത്ത് ആഫ്രിക്ക ഇന്ത്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചു പോയതിനു പിന്നാലെ കോഴവിവാദം ആളിപ്പടര്ന്നു.ക്രിക്കറ്റ് വിരോധികള് ആഘോഷിച്ചു.(ഹൊ,എസ് എസ് എല് സി പരീക്ഷ എഴുതിക്കൊണ്ടിരുന്ന സമയത്തു പോലും ഇത്ര ടെന്ഷന് അനുഭവിചിരുന്നില്ല.)സച്ചിന് ഉള്ളതു കൊണ്ട് കളിയോടുള്ള ആവേശം ഇതിനൊക്കെ ഇടയിലും നിലനിന്നു. തൃശ്ശൂരിലെ എന്ട്രന്സ് കോച്ചിംഗ് ക്ലാസ്സിലെ പഠനതിനിടയിലാണ് 2003 -ലെ വേള്ഡ് കപ്പ് വന്നത്.ഹോസ്റ്റലിലെ 30 പേരും ക്രിക്കറ്റ് പ്രേമികള് തന്നെ,എങ്കിലും ക്രിക്കറ്റ് ഭ്രമം തലയ്ക്കു പിടിച്ചവര് ഒരു 8-10 പേരായിരുന്നു,ഞാനുള്പ്പെടെ.ഞാനും ലേഖയും സ്മിതയും ഷംനയും സച്ചിന് ഫാന്സ് .പ്രിയാ സേനനും ദിവ്യയും ഗാംഗുലി ഫാന്സ് , പ്രിയാ പദ്മനാഭനും നീതുവും ദ്രാവിഡ് ഫാന്സ്.രശ്മി ഓരോ ദിവസവും അഭിപ്രായം മാറ്റുന്നതു കൊണ്ട് അവളെ ഞങ്ങള് ഒരു ഫാന്സ് അസോസിയേഷനിലും ചേര്ത്തില്ല.ഫാന്സ് തമ്മിലുള്ള തര്ക്കം ഒഴിവു സമയത്ത് നല്ലൊരു നേരമ്പോക്കായിരുന്നു.രശ്മി പ്രിയയോട് പറയും''സച്ചിന് എടുക്കുന്ന സ്കോറിനെ 20 കൊണ്ട് ഹരിച്ച് 3 കൂട്ടിയാല് ഗാംഗുലിയുടെ സ്കോര് കിട്ടും''.പ്രതികരണം മിക്കവാറും ഓടിച്ചിട്ടു തല്ലലായിരിക്കും.അടുത്ത റൂമില് ദിവ്യ നീതു കേള്ക്കാനായി -''ഞാന് ആക്ച്വലി കന്നടിഗയാണ്,പിന്നെ ശരിക്ക് പറഞ്ഞാല് ഈ രാഹുല് എന്റെയൊരു കസിനായിട്ടു വരും.ഞങ്ങള് ഫാമിലി ആയിട്ടു വളരെ ഭംഗി ഉള്ളവരാണ്,അവന് മാത്രമാണ് ഒരു എക്സെപ്ഷന്'' വേള്ഡ് കപ്പ് വാര്ത്തകളറിയാന് പത്രം മാത്രമാണ് ശരണം.മനോരമയും ദി ഹിന്ദുവും ആണ് വരുത്തുന്നത്.അങ്ങനെയാണ് ഞങ്ങള് കുറച്ചുപേര് ബ്രാഹ്മ മുഹൂര്ത്തം കണ്ടു തുടങ്ങിയത്.പി സി തോമസ് സാറിന്റെ ഇന്സ്റ്റിറ്റ്യൂട്ടിലെ മന്ത്ലി എക്സാമിനു പോലും നേരത്തെ എഴുന്നേല്ക്കാത്തവര് അതിരാവിലെ എന് സി ഇ ആര് ടി ടെക്സ്റ്റ് ബുക്കുമായി സിറ്റൗട്ടില് ഹാജര്.ആകെയുള്ള രണ്ടു പത്രം അഞ്ചും പത്തുമായി വീതിച്ചു പോകും.പിന്നെ കളികളുടെ വിദഗ്ധ വിശകലനം,തര്ക്കം.വാര്ഡന് ഉണര്ന്ന് ''എന്തു നരകമാണിവിടെ'' എന്ന പതിവ് മുഖഭാവവുമായി വാതില്ക്കല് പ്രത്യക്ഷപ്പെടുന്നത് വരെ ഇത് തുടരും. ഇന്ത്യയുടെ ആദ്യത്തെ കളി ഹോളണ്ടുമായി ,വിരസമായ ഒരു വിജയം,സച്ചിന് 52 .രണ്ടാമത്തെ കളി ആസ്ട്രേലിയയോട് തോറ്റു.ഇന്ത്യയില് ആരാധകരുടെ ക്ഷമ നശിച്ചു തുടങ്ങി.അടുത്ത കളി നമീബിയയുമായി.ഇന്ത്യ ജയിച്ചു.സച്ചിന് 152.മാന് ഓഫ് ദ മാച്ച്.സിംബാബ്വെക്കെതിരെ സച്ചിന് 81.ഇംഗ്ലണ്ടിനെതിരെ 50.പാകിസ്ഥാനെതിരെ 75 പന്തില് 98.ശ്രീലങ്കക്കെതിരെ 97.ഈ കളികളെല്ലാം ഇന്ത്യ ജയിക്കുന്നു,സെമിയില് കെനിയയോടും(സച്ചിന് 83.)ഞങ്ങളെല്ലാവരും അവിശ്വസനീയത കലര്ന്ന ആഹ്ളാദത്തിലായിരുന്നു(ഹിന്ദുവില് നിര്മല് ശേഖര് -''Ah what a genius,what a great master of batsmanship he is,what a gifted little man,who is,at once Eminem and Placido Domingo,and at once Mozart and Madonna,and whose bat is,at once a great big axe in the hands of a mad man and the paint brush in the hands of Picasso'') .സച്ചിന് മാത്രമല്ല ടീം മൊത്തത്തില് മികച്ച പ്രകടനം,ബാറ്റിംഗും ബൌളിംഗും ഫീല്ഡിംഗും എല്ലാം.ഫൈനലില് ആസ്ട്രേലിയയാണ് എതിരാളികള്.(സൌത്ത് ആഫ്രിക്ക പതിവു പോലെ ഡക്ക് വര്ത്ത് ലൂയിസ് നിയമത്തിന്റെ പുതിയ 'സാധ്യത' കണ്ടു പിടിച്ചു പുറത്തു പോയിരുന്നു.) ഗില്ലസ്പിക്ക് പരിക്ക് എന്നു കേട്ട് സ്മിതയുടെ ആഹ്ളാദം-'' ഹായ് ഗില്ലസ്പിക്ക് പരിക്ക്,ഇനി ആ ബ്രെറ്റ് ലീയുടെ കൈയും കാലും കൂടി ഒന്നൊടിഞ്ഞു കിട്ടിയാല് മതിയായിരുന്നു,പിന്നെ പറ്റുമെങ്കില് മക്ഗ്രാത്തിന് ഒരു പനി കൂടി വന്നോട്ടെ'' എല്ലാവരും ഫൈനല് വിജയം സ്വപ്നം കണ്ടുതുടങ്ങി.നിരീശ്വരവാദികള് വരെ അടുത്തുള്ള ക്ഷേത്രത്തിലും പള്ളിയിലും പതിവുകാരായി(പി എസ് :എന്റെ കാര്യമല്ല )എന്നിട്ടും ഫൈനലില് ദുരന്തം തന്നെ. ആസ്ട്രേലിയ തുടര്ച്ചയായ രണ്ടാം ലോക കപ്പ് നേടി.മാന് ഓഫ് ദ സീരീസ് സച്ചിന് തന്നെ.11 ഇന്നിംഗ്സില് നിന്ന് 673 റണ്‍സ്. പിന്നെ പതിയെ കളി കാണുന്നത് കുറഞ്ഞു വന്നു,ഹോസ്റ്റല് വാസം കാരണം.സച്ചിന്റെ ഏകദിന ഡബിള് സെഞ്ചുറി കണ്ടിരുന്നു,2011 വേള്ഡ് കപ്പും.ഇനിയെന്നെങ്കിലും കളി കാണുമോ എന്നറിയില്ല.കണ്ടാലും സച്ചിന് ക്രീസില് നില്ക്കുന്ന നേരം മുഴുവനുമുള്ള നെഞ്ചിടിപ്പ് ഇനിയില്ല എന്നുറപ്പ്.