നാലര വര്ഷത്തെ ആയുര്വേദ പഠനം കഴിഞ്ഞ് ഹൌസ് സര്ജന്സി ചെയ്യുന്ന കാലം.വിവിധ ഒപി കളിലായി ഒരു വര്ഷത്തെ പ്രായോഗിക പരിശീലനം.അതില് 3 മാസങ്ങള് മാത്രം കോളേജിനു പുറത്ത് പോസ്റ്റിംഗ് ,2 മാസത്തെ റൂറല് പോസ്റ്റിംഗും പിന്നെ കോട്ടക്കല് ഗവ:മെന്റല് ഹോസ്പിറ്റലിലെ പോസ്റ്റിംഗും. അങ്ങനെ 5 വര്ഷങ്ങള്ക്കു മുന്പ് ഒരു സായാഹ്നത്തില് കണ്ണൂരിലെ പരിയാരം ഗവ:ആയുര്വേദ കോളേജില് നിന്നുള്ള മൂന്ന് പേര് കോട്ടക്കല് കാലു കുത്തി.കേരളത്തില് അങ്ങോളമിങ്ങോളമുള്ള എല്ലാ ആയുര്വേദ കോളേജുകളില് നിന്നുമുള്ള ഹൌസ് സര്ജന്മാര്ക്കെല്ലാം തന്നെ ഇവിടെയാണ് മാനസിക രോഗ ചികിത്സാപരിശീലനം.അതു കൊണ്ടു തന്നെ ഒരേ സമയത്ത് ഒരു 30 പേരെങ്കിലും അവിടെ പോസ്റ്റിംഗിലുണ്ടാകും. ഹോസ്പിറ്റലിനു തൊട്ടടുത്തു തന്നെയുള്ള ഒരു ചെറിയ ഹോസ്റ്റലിലായിരുന്നു ഞങ്ങളുടെ താമസം.ഞാനും ജാസ്മിനും മുകളിലുള്ള ഒരു മുറിയില്.കോണിപ്പടി മരം കൊണ്ടുള്ളതായിരുന്നു.കാല്ച്ചവിട്ടേറ്റാല് ഓരോ പടിയും ഓരോ ശബ്ദത്തില് കരയും.അതു കൊണ്ട് രാത്രി 11 മണി കഴിഞ്ഞാല് ആരും താഴെയിറങ്ങാറില്ല. രാവിലെ 9 മണിക്ക് ഹോസ്പിറ്റലിലേക്ക് പോകും.10 മണിക്ക് സുന്ദരന് സാറും പാര്വതി മിസ്സും റൌണ്ട്സിനു പോകുമ്പോള് കൂടെ പോകും.പിന്നെ ഹൌസ് സര്ജന്സ് റൂമിലിരുന്നു കേസ് ഷീറ്റ് വായിക്കുകയും കേസ് ഹിസ്റ്ററി ഫില് ചെയ്യുകയും ചെയ്യും.ആകെ 35-40 രോഗികളാണ് ഉണ്ടായിരുന്നത്. ചിലര് വാര്ഡ് -ന്റെ വരാന്തയിലൂടെ നടക്കുന്നതു കാണാം.(ഇവിടെ ഉപയോഗിക്കുന്ന പേരുകള് സാങ്കല്പികമാണ് ).രാധ എന്നൊരു പേഷ്യന്റ് ഇടയ്ക്ക് ഹൌസ് സര്ജന്സ് റൂമിലും വരാറുണ്ട്.എപ്പോഴും സംസാരവും പാട്ടും.''പുസ്തകമെല്ലാം തിന്നു മടുത്തൂ മസ്തിഷ്കത്തില് ചിതലായീ ''(ഞങ്ങളെ ഉദ്ദേശിച്ചാണോ ആവോ.ഏയ് ഞങ്ങളാ ടൈപ്പേ അല്ല ).പിന്നെ ചിലപ്പോള് ''ഇത് എന്റെ പുഷ്പ ''''ഇത് എന്റെ സിന്ധു'' ''ഇത് എന്റെ അംബിക''എന്നൊക്കെ പറഞ്ഞ് നല്ല അടിയും തരും.സ്നേഹത്തോടെ തരുന്നതാണെങ്കിലും വേദന ഉണ്ടാവില്ലെന്നൊന്നും ആരും കരുതരുത്. പഴയ മലയാള സിനിമാ ഗാനങ്ങള് പാടിക്കൊണ്ടിരിക്കുന്ന സാജിദ,വരാന്തയിലൂടെ ആര് പോകുമ്പോഴും ഒരു പത്തടി പിന്നിലായി പിന്തുടരുന്ന രജു ,പുതിയ ഒരു മരുന്നോ ചികിത്സാ ക്രമമോ നിര്ദ്ദേശിക്കുമ്പോള് ഒന്നിനു പിന്നാലെ ഒന്നായി ഒരു നൂറു സംശയങ്ങള് ചോദിച്ച് വട്ടം കറക്കുന്ന നാരായണന് ........ഇങ്ങനെ പോകുന്നു അന്തേവാസികളുടെ കഥകള് . ഹോസ്റ്റലില് തിരിച്ചെത്തുമ്പോള് ഞങ്ങള് കേസ് ഹിസ്റ്ററിയും ചികിത്സയിലെ പുരോഗതിയും ഒക്കെ ചര്ച്ച ചെയ്യും.പിന്നെ ഞങ്ങളുടെ വാര്ഡന് -കം-കുക്ക് ആയ താത്തയുടെ പാചകം ആസ്വദിക്കും.ചങ്കുവെട്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള സര്വ ബേക്കറി-കൂള് ബാര് -ഹോട്ടല് ഇവയെല്ലാം ഞങ്ങള്ക്ക് മന:പാഠം.വന്നതിന്റെ രണ്ടാം ദിവസം രാവിലെ തന്നെ കെ ആര് ബേയ്ക്ക്സിന്റെ ഗോഡൌണ്‍ അന്വേഷിച്ചു പോയ കഥ ഇപ്പോഴോര്ക്കുമ്പോള് ചിരി വരുന്നു.ഡീലക്സ്,റണ്‍സ്,ഫുഡ് ന് ഫണ്‍,ചിക് ബണ്‍സ് ഇവയൊക്കെ ആയിരുന്നു ആശ്രയം.ഒരു ദിവസം ഉച്ചയ്ക്ക് പുറത്തു നിന്നു കഴിക്കാമെന്നു ഞങ്ങള് തീരുമാനിച്ചു.ടൌണില് ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുന്നത് കണ്ടപ്പോഴാണ് വെള്ളിയാഴ്ചയാണെന്നോര്മ്മ വരുന്നത്.ഒടുവില് തുറന്നിരിക്കുന്ന ഒന്നു കണ്ടെത്തുക തന്നെ ചെയ്തു.പുറത്ത് റോസ്റ്റഡ് ചിക്കന്റെ മനോഹരമായ ചിത്രവുമുണ്ട്.ഞങ്ങള് ചപ്പാത്തിയും ചില്ലി ചിക്കനും ഓര്ഡര് ചെയ്തു.സാധനം എത്തി.ചിക്കന് ഡ്രൈ ഫ്രൈ പോലെയുണ്ട്,കുറച്ചു സവാളയും പച്ച മുളകും കൊണ്ട് അലങ്കാരവും.അതിനെ എത്ര വന്യമായ ഭാവനയിലും ചില്ലി ചിക്കനായി കാണാന് കഴിയാത്തതു കൊണ്ട് ജാസ്മിന് സപ്ളയറോടു ചോദിച്ചു,ഞങ്ങള് ചില്ലി ചിക്കനല്ലേ പറഞ്ഞിരുന്നത് എന്ന്.''ഇവിടെ ഇങ്ങനെയാണു കൊടുക്കാറ് '' എന്ന മറുപടി കേട്ട് ഞങ്ങള് പിന്നെ ഒന്നും പറഞ്ഞില്ല,മിണ്ടാതിരുന്നു കഴിച്ച് തിരിച്ചു പോന്നു. ഹോസ്പിറ്റലില് രാധയുടെ തമാശകള് തുടര്ന്നു കൊണ്ടിരുന്നു.രാധ പാര്വതി മിസ്സിനെ അമ്മയെന്നും അന്വര് സാറിനെ അച്ഛനെന്നുമാണ് വിളിക്കുന്നത്.ഒരു ദിവസം റൌണ്ട്സിനു പോകുമ്പോള് അന്വര് സാറിന്റെ കയ്യിലെ വലിയ ഡയറിയില് നടുക്കു നിന്ന് പേജ് പകുക്കുന്ന റിബ്ബണ്‍ തൂങ്ങിക്കിടക്കുന്നത് കണ്ട രാധ ഉറക്കെ-''അച്ഛാ,അച്ഛനു വാല് മുളച്ചു''.ഞങ്ങള്ക്ക് ചിരിയടക്കാനായില്ല.അതു പോലെ മറ്റൊരു ദിവസം സ്വേദനം (വിയര്പ്പിക്കല്) ചെയ്യുന്നതിനു വേണ്ടി ക്യൂവിലായിരുന്നു രാധ.നാരായണനെ കാബിനില് കയറ്റുന്നതു കണ്ട രാധയുടെ ചോദ്യം-''ഡോക്ടറേ,ഇയാളെ പുഴുങ്ങിയ ശേഷമാണോ എന്നെ പുഴുങ്ങുന്നത്?'' പല രോഗികളിലും നല്ല പുരോഗതി ഉണ്ടാകുന്നതിനു ഞങ്ങള് സാക്ഷ്യം വഹിച്ചു.വ്യാഴാഴ്ചകളില് രോഗികളെ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്വിസും കലാപരിപാടികളും നടത്താറുണ്ടായിരുന്നു,ഹോസ്പിറ്റല് സൂപ്രണ്ട് സുന്ദരന് സാറിന്റെ മേല്നോട്ടത്തില്.ഞങ്ങളും പരിപാടിയുടെ നടത്തിപ്പില് പങ്കെടുക്കും.ക്വിസ് മത്സരത്തില് പൊതു വിജ്ഞാനവും രാഷ്ട്രീയവും സ്പോര്ട്സും എല്ലാം വിഷയങ്ങളാകും.പിന്നെ ചൊല്ലുകളുടെയും ശൈലികളുടെയും അര്ത്ഥം വ്യാഖ്യാനിക്കല് ,കണക്കു കൊണ്ടുള്ള കളികള് ,ഇതെല്ലാം കഴിഞ്ഞ് ഓരോരുത്തര്ക്കും ഇഷ്ടമുള്ള കലാ പരിപാടികളും. രോഗികളുടെ കൂട്ടത്തില് അക്ബര് എന്നൊരാളുണ്ടായിരുന്നു.എന്ത് ചോദിച്ചാലും ഉത്തരം പറയില്ല.വീണ്ടും വീണ്ടും ചോദിച്ചാല് ഒരു തലയാട്ടലോ മൂളലോ മാത്രം.ഇടയ്ക്കിടെ കൈകളുയര്ത്തി നിശ്ശബ്ദമായി പ്രാര്ത്ഥിക്കുന്നതു കാണാം.കേസ് ഷീറ്റ് വായിച്ചപ്പോഴാണ് അറിഞ്ഞത്,അയാള് പ്രൊഫഷണല് ഗായകനായിരുന്നു എന്ന്.ഗാനമേളകളില് സ്ഥിരമായി പാടുമായിരുന്നുവത്രേ.റൌണ്ട്സ് സമയത്ത് സാര് അക്ബറിനോട് പറയുന്നതു കേട്ടു വ്യാഴാഴ്ച പരിപാടിക്ക് പാടണം എന്ന്.അയാള് തലയാട്ടി.പക്ഷേ മുന്പുള്ള ആഴ്ചകളിലും സാര് ഇതു പോലെ ആവശ്യപ്പെടുകയും അക്ബര് സമ്മതിക്കുകയും ചെയ്തിരുന്നതാണ്,പരിപാടിയുടെ സമയത്ത് ഒന്നും നടന്നിട്ടില്ലെന്ന് ചിലര് പറയുന്നതു കേട്ടു. അങ്ങനെ വ്യാഴാഴ്ചയായി.ക്വിസ് പ്രോഗ്രാം നടത്താനും സമ്മാനം വിതരണം ചെയ്യാനുമെല്ലാം സാര് ഞങ്ങളില് ചിലരെ ഏല്പ്പിച്ചു.പ്രാര്ത്ഥന പാടേണ്ട ഹൗസ് സര്ജന്മാര് ഏതു വേണമെന്ന കൂലംകഷമായ ചര്ച്ചയിലാണ്.''എങ്ങുമെങ്ങും നിറയും വെളിച്ചമേ എന് കരളില് കുടിയിരിക്കേണമേ''പാടാമെന്ന് ആരോ.''എന്നിട്ട് വേണം രോഗികളാരെങ്കിലും എന കരളില് താമസിച്ചാല് മാപ്പു തരാം രാക്ഷസി എന്നും പാടി വരാന് ''എന്നു ജോണ്സണ്.ഒടുവില് 'പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്' പാടാന് തീരുമാനമായി. പരിപാടി തുടങ്ങി.എല്ലാവരും സജീവമായി പങ്കെടുക്കുന്നുണ്ട്.ക്വിസ് മത്സരവും മറ്റു മത്സരങ്ങളുമെല്ലാം വിജയകരമായി നടന്നു.അടുത്തത് കലാപരിപാടികളാണ്.മൈക്ക് ഓരോരുത്തരിലേക്ക് കൈമാറുകയാണ്.സാജിദ ''മഴവില്ക്കൊടി കാവടിയഴകു വിടര്ത്തിയ'' പാടി.സുബി-സുമി സഹോദരിമാര് ''പെന്തക്കോസ്തു നാളില് മുന് മഴ പെയ്യിച്ച'' പാടി.രാധ പതിവ് ''പുസ്തകമെല്ലാം തിന്നു മടുത്തൂ '' തന്നെ.ചിലര് മിമിക്രി കാണിച്ചു.ഒടുവില് മൈക്ക് അക്ബറിന്റെ കയ്യിലെത്തി.ആര്ക്കും അല്പം പോലും പ്രതീക്ഷയുണ്ടായിരുന്നില്ല,അയാളുടെ ശബ്ദമെങ്കിലും ഒന്നു കേള്ക്കാന് കഴിയുമെന്ന്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അയാള് പൊടുന്നനെ പാടാന് തുടങ്ങി. '' हुस्न का रंग महल केहता हूँ..........''പാടിത്തീരുന്നതു വരെ ഞങ്ങള് ശ്വാസമെടുക്കാന് പോലും മറന്നു നിന്നു പോയി,അതു പോലെയായിരുന്നു പാട്ട്.പാടിക്കൊണ്ടിരിക്കുന്ന ഗസലില് അയാള് അലിഞ്ഞു ചേര്ന്നത് പോലെയായിരുന്നു,ലോകത്തെ തന്നെ മറന്ന്.അതു പോലെയുള്ള സ്വര മാധുര്യവും കൂടി ചേര്ന്നപ്പോള് ഞങ്ങളെല്ലാവരും ഗസലിന്റെ മാസ്മരികതയിലാഴ്ന്നു പോയി.പരിപാടി കഴിഞ്ഞ് സന്ധ്യക്ക് തിരിച്ചു ഹോസ്റ്റലിലേക്കു നടക്കുമ്പോള് ഒരു കണ്ണീര്ക്കണം തൊണ്ടയില് തടഞ്ഞു നില്ക്കുന്നതു പോലെ തോന്നി.5 വര്ഷങ്ങള്ക്കു ശേഷം ഇന്നും അത് അങ്ങനെ തന്നെ നില്ക്കുന്നു.പിന്നീട് തുടര്ന്നുള്ള ആഴ്ചകളിലും അക്ബര് പാട്ടുകള് പാടി .''ആയിരം കാതം അകലെയാണെങ്കിലും'', ''പ്രാണസഖി ഞാന് വെറുമൊരു ''തുടങ്ങിയവ.ഞങ്ങളുടെ പോസ്റ്റിങ്ങ് തീരുമ്പോഴേക്ക് തന്നെ അയാളില് കുറെയധികം മാറ്റങ്ങള് കണ്ടിരുന്നു.ഇപ്പോള് അക്ബര് എവിടെയൊക്കെയോ ഗാനമേളകളില് പാടി മാസ്മര ശബ്ദം കൊണ്ട് കേള്വിക്കാരെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നുണ്ടാവുമെന്നു തന്നെയുള്ള ശുഭാപ്തി വിശ്വാസത്തോടെ ഈ ഓര്മ്മക്കുറിപ്പ് അവസാനിപ്പിക്കുന്നു.