ഇനി വരുമേതോ പിറവിയില് നീ വരു- മിതു വഴി നിശ്ചയം വീണ്ടും ജന്മങ്ങള്
പൂത്തു വിടര്ന്നു കൊഴിഞ്ഞൊരീ
ചമ്പകച്ചോട്ടില് ഞാന് നില്ക്കും
നിന്നെയും കാത്ത്;യുഗങ്ങള് കാല്- ക്കീഴിലായൊഴുകി മായും അവിരാമം കാലങ്ങള് തന് തിരശ്ശീലകള്ക്കപ്പുറ- ത്തേതോ വഴിയരികത്ത് എന്നെങ്കിലും നമ്മള് സംഗമിക്കാം അന്നു കണ്ടാലറിയുമോ തമ്മില്? ഒന്നിച്ചു നാം കണ്ട ചന്ദ്രോദയങ്ങളും മുന്-പിന് നിലാവുക,ളെല്ലാം മാറും ഋ തുക്കളില് ഭൂമിയില് നാം കണ്ട ചാരുതയെല്ലാം,പ്രണയ- നാള്കളില് നാമൊരേ പാനപാത്രത്തില് നി- ന്നേതോ കടല് പോലിരമ്പും വര്ണ്ണമില്ലാത്ത ലഹരിയെ,വാഴ്വിനെ യൊന്നായ് കുടിച്ചതും,പിന്നെ രണ്ടു വഴികള് നമുക്കെന്നുറച്ചതും ഒന്നിച്ചൊരേ മനസ്സോടെ. ഏതോ പിറവിയിലേതോ ഋതുവില- ന്നേതോ മുഖങ്ങളായ് നമ്മള് കാണുമൊരുനാളി,ലന്നും മിഴികളില് പോയ ജന്മത്തിലെ വാഴ്വിന് സാഗരം മൌനമായ് സ്നേഹനിലാവി- ലലിഞ്ഞു പാടും ഗീതി കേള്ക്കും; പിന്നെ നാം തമ്മിലറിയാതിരിക്കുമോ ഏതു ജന്മത്തിലുമെന് പ്രിയനേ
കല്പനാ ചാരുത kalpana charutha
Sunday, 29 June 2014
Monday, 23 June 2014
പ്രണയം
ഇനി നീ മറന്നിടൂ എന്നെ പകുതി പാടിയ പാട്ടെന്ന പോലെ ഉയിര് പാതി പകുത്തു ഞാന് നിന്നെ- യെന്റെ പ്രണയമായ് മോഹിച്ചതല്ലേ മിഴിനീരു പെയ്തുരുവായോരീ- ത്തെളിനീര്ത്തടാകത്തില് നോക്കി- യിരു കരയിലായ് നാം നില്ക്കെ, ഭദ്രേ നിന്റെയളകങ്ങള് മന്ത്രിക്കുമേതോ നഷ്ട ഗതകാല സ്വപ്നങ്ങള് കേട്ടോ ഈയലകളും ഗദ്ഗദമാര്ന്നൂ? ജന്മങ്ങള് തന് താഴ്വരയില് തെന്നല് മൂളുമൊരാര്ദ്ര ഗാനം നീ രാവില് നിലാനദിയോരം- ചേര്ന്നു പൂക്കും സുമങ്ങള് തന് ഗന്ധം ഓര്മ്മയില് പൂവിടുംപോല് നിന് - മുഗ്ദ്ധ ചാരുത സ്മൃതികളില് നിറയേ ഇന്നെന് പാനപാത്രം കവിഞ്ഞല്ലോ എങ്കിലുമോമലേ,യെന്തേ നമ്മളെല്ലാം വഴിയില് മറന്നൂ? നിശ്ശബ്ദ രാവിലിന്നങ്ങു- ദൂരെയേതോ വിരഹാര്ദ്ര ഗാനം ജാലകം തട്ടി വിളിക്കും മഴച്ചാറല്,പൊയ്പ്പോയ പ്രണയം ഇനി നീ വരൂ വീണ്ടുമിതിലേ,- യെന്റെ വാഴ്വിന്റെ പകുതിയായ് ഭദ്രേ
Tuesday, 29 April 2014
Saturday, 8 March 2014
ഓര്മ്മകളില് ഒരു ഗസല്
നാലര വര്ഷത്തെ ആയുര്വേദ പഠനം കഴിഞ്ഞ് ഹൌസ് സര്ജന്സി ചെയ്യുന്ന കാലം.വിവിധ ഒപി കളിലായി ഒരു വര്ഷത്തെ പ്രായോഗിക പരിശീലനം.അതില് 3 മാസങ്ങള് മാത്രം കോളേജിനു പുറത്ത് പോസ്റ്റിംഗ് ,2 മാസത്തെ റൂറല് പോസ്റ്റിംഗും പിന്നെ കോട്ടക്കല് ഗവ:മെന്റല് ഹോസ്പിറ്റലിലെ പോസ്റ്റിംഗും. അങ്ങനെ 5 വര്ഷങ്ങള്ക്കു മുന്പ് ഒരു സായാഹ്നത്തില് കണ്ണൂരിലെ പരിയാരം ഗവ:ആയുര്വേദ കോളേജില് നിന്നുള്ള മൂന്ന് പേര് കോട്ടക്കല് കാലു കുത്തി.കേരളത്തില് അങ്ങോളമിങ്ങോളമുള്ള എല്ലാ ആയുര്വേദ കോളേജുകളില് നിന്നുമുള്ള ഹൌസ് സര്ജന്മാര്ക്കെല്ലാം തന്നെ ഇവിടെയാണ് മാനസിക രോഗ ചികിത്സാപരിശീലനം.അതു കൊണ്ടു തന്നെ ഒരേ സമയത്ത് ഒരു 30 പേരെങ്കിലും അവിടെ പോസ്റ്റിംഗിലുണ്ടാകും. ഹോസ്പിറ്റലിനു തൊട്ടടുത്തു തന്നെയുള്ള ഒരു ചെറിയ ഹോസ്റ്റലിലായിരുന്നു ഞങ്ങളുടെ താമസം.ഞാനും ജാസ്മിനും മുകളിലുള്ള ഒരു മുറിയില്.കോണിപ്പടി മരം കൊണ്ടുള്ളതായിരുന്നു.കാല്ച്ചവിട്ടേറ്റാല് ഓരോ പടിയും ഓരോ ശബ്ദത്തില് കരയും.അതു കൊണ്ട് രാത്രി 11 മണി കഴിഞ്ഞാല് ആരും താഴെയിറങ്ങാറില്ല. രാവിലെ 9 മണിക്ക് ഹോസ്പിറ്റലിലേക്ക് പോകും.10 മണിക്ക് സുന്ദരന് സാറും പാര്വതി മിസ്സും റൌണ്ട്സിനു പോകുമ്പോള് കൂടെ പോകും.പിന്നെ ഹൌസ് സര്ജന്സ് റൂമിലിരുന്നു കേസ് ഷീറ്റ് വായിക്കുകയും കേസ് ഹിസ്റ്ററി ഫില് ചെയ്യുകയും ചെയ്യും.ആകെ 35-40 രോഗികളാണ് ഉണ്ടായിരുന്നത്. ചിലര് വാര്ഡ് -ന്റെ വരാന്തയിലൂടെ നടക്കുന്നതു കാണാം.(ഇവിടെ ഉപയോഗിക്കുന്ന പേരുകള് സാങ്കല്പികമാണ് ).രാധ എന്നൊരു പേഷ്യന്റ് ഇടയ്ക്ക് ഹൌസ് സര്ജന്സ് റൂമിലും വരാറുണ്ട്.എപ്പോഴും സംസാരവും പാട്ടും.''പുസ്തകമെല്ലാം തിന്നു മടുത്തൂ മസ്തിഷ്കത്തില് ചിതലായീ ''(ഞങ്ങളെ ഉദ്ദേശിച്ചാണോ ആവോ.ഏയ് ഞങ്ങളാ ടൈപ്പേ അല്ല ).പിന്നെ ചിലപ്പോള് ''ഇത് എന്റെ പുഷ്പ ''''ഇത് എന്റെ സിന്ധു'' ''ഇത് എന്റെ അംബിക''എന്നൊക്കെ പറഞ്ഞ് നല്ല അടിയും തരും.സ്നേഹത്തോടെ തരുന്നതാണെങ്കിലും വേദന ഉണ്ടാവില്ലെന്നൊന്നും ആരും കരുതരുത്. പഴയ മലയാള സിനിമാ ഗാനങ്ങള് പാടിക്കൊണ്ടിരിക്കുന്ന സാജിദ,വരാന്തയിലൂടെ ആര് പോകുമ്പോഴും ഒരു പത്തടി പിന്നിലായി പിന്തുടരുന്ന രജു ,പുതിയ ഒരു മരുന്നോ ചികിത്സാ ക്രമമോ നിര്ദ്ദേശിക്കുമ്പോള് ഒന്നിനു പിന്നാലെ ഒന്നായി ഒരു നൂറു സംശയങ്ങള് ചോദിച്ച് വട്ടം കറക്കുന്ന നാരായണന് ........ഇങ്ങനെ പോകുന്നു അന്തേവാസികളുടെ കഥകള് . ഹോസ്റ്റലില് തിരിച്ചെത്തുമ്പോള് ഞങ്ങള് കേസ് ഹിസ്റ്ററിയും ചികിത്സയിലെ പുരോഗതിയും ഒക്കെ ചര്ച്ച ചെയ്യും.പിന്നെ ഞങ്ങളുടെ വാര്ഡന് -കം-കുക്ക് ആയ താത്തയുടെ പാചകം ആസ്വദിക്കും.ചങ്കുവെട്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള സര്വ ബേക്കറി-കൂള് ബാര് -ഹോട്ടല് ഇവയെല്ലാം ഞങ്ങള്ക്ക് മന:പാഠം.വന്നതിന്റെ രണ്ടാം ദിവസം രാവിലെ തന്നെ കെ ആര് ബേയ്ക്ക്സിന്റെ ഗോഡൌണ്‍ അന്വേഷിച്ചു പോയ കഥ ഇപ്പോഴോര്ക്കുമ്പോള് ചിരി വരുന്നു.ഡീലക്സ്,റണ്‍സ്,ഫുഡ് ന് ഫണ്‍,ചിക് ബണ്‍സ് ഇവയൊക്കെ ആയിരുന്നു ആശ്രയം.ഒരു ദിവസം ഉച്ചയ്ക്ക് പുറത്തു നിന്നു കഴിക്കാമെന്നു ഞങ്ങള് തീരുമാനിച്ചു.ടൌണില് ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുന്നത് കണ്ടപ്പോഴാണ് വെള്ളിയാഴ്ചയാണെന്നോര്മ്മ വരുന്നത്.ഒടുവില് തുറന്നിരിക്കുന്ന ഒന്നു കണ്ടെത്തുക തന്നെ ചെയ്തു.പുറത്ത് റോസ്റ്റഡ് ചിക്കന്റെ മനോഹരമായ ചിത്രവുമുണ്ട്.ഞങ്ങള് ചപ്പാത്തിയും ചില്ലി ചിക്കനും ഓര്ഡര് ചെയ്തു.സാധനം എത്തി.ചിക്കന് ഡ്രൈ ഫ്രൈ പോലെയുണ്ട്,കുറച്ചു സവാളയും പച്ച മുളകും കൊണ്ട് അലങ്കാരവും.അതിനെ എത്ര വന്യമായ ഭാവനയിലും ചില്ലി ചിക്കനായി കാണാന് കഴിയാത്തതു കൊണ്ട് ജാസ്മിന് സപ്ളയറോടു ചോദിച്ചു,ഞങ്ങള് ചില്ലി ചിക്കനല്ലേ പറഞ്ഞിരുന്നത് എന്ന്.''ഇവിടെ ഇങ്ങനെയാണു കൊടുക്കാറ് '' എന്ന മറുപടി കേട്ട് ഞങ്ങള് പിന്നെ ഒന്നും പറഞ്ഞില്ല,മിണ്ടാതിരുന്നു കഴിച്ച് തിരിച്ചു പോന്നു. ഹോസ്പിറ്റലില് രാധയുടെ തമാശകള് തുടര്ന്നു കൊണ്ടിരുന്നു.രാധ പാര്വതി മിസ്സിനെ അമ്മയെന്നും അന്വര് സാറിനെ അച്ഛനെന്നുമാണ് വിളിക്കുന്നത്.ഒരു ദിവസം റൌണ്ട്സിനു പോകുമ്പോള് അന്വര് സാറിന്റെ കയ്യിലെ വലിയ ഡയറിയില് നടുക്കു നിന്ന് പേജ് പകുക്കുന്ന റിബ്ബണ്‍ തൂങ്ങിക്കിടക്കുന്നത് കണ്ട രാധ ഉറക്കെ-''അച്ഛാ,അച്ഛനു വാല് മുളച്ചു''.ഞങ്ങള്ക്ക് ചിരിയടക്കാനായില്ല.അതു പോലെ മറ്റൊരു ദിവസം സ്വേദനം (വിയര്പ്പിക്കല്) ചെയ്യുന്നതിനു വേണ്ടി ക്യൂവിലായിരുന്നു രാധ.നാരായണനെ കാബിനില് കയറ്റുന്നതു കണ്ട രാധയുടെ ചോദ്യം-''ഡോക്ടറേ,ഇയാളെ പുഴുങ്ങിയ ശേഷമാണോ എന്നെ പുഴുങ്ങുന്നത്?'' പല രോഗികളിലും നല്ല പുരോഗതി ഉണ്ടാകുന്നതിനു ഞങ്ങള് സാക്ഷ്യം വഹിച്ചു.വ്യാഴാഴ്ചകളില് രോഗികളെ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്വിസും കലാപരിപാടികളും നടത്താറുണ്ടായിരുന്നു,ഹോസ്പിറ്റല് സൂപ്രണ്ട് സുന്ദരന് സാറിന്റെ മേല്നോട്ടത്തില്.ഞങ്ങളും പരിപാടിയുടെ നടത്തിപ്പില് പങ്കെടുക്കും.ക്വിസ് മത്സരത്തില് പൊതു വിജ്ഞാനവും രാഷ്ട്രീയവും സ്പോര്ട്സും എല്ലാം വിഷയങ്ങളാകും.പിന്നെ ചൊല്ലുകളുടെയും ശൈലികളുടെയും അര്ത്ഥം വ്യാഖ്യാനിക്കല് ,കണക്കു കൊണ്ടുള്ള കളികള് ,ഇതെല്ലാം കഴിഞ്ഞ് ഓരോരുത്തര്ക്കും ഇഷ്ടമുള്ള കലാ പരിപാടികളും. രോഗികളുടെ കൂട്ടത്തില് അക്ബര് എന്നൊരാളുണ്ടായിരുന്നു.എന്ത് ചോദിച്ചാലും ഉത്തരം പറയില്ല.വീണ്ടും വീണ്ടും ചോദിച്ചാല് ഒരു തലയാട്ടലോ മൂളലോ മാത്രം.ഇടയ്ക്കിടെ കൈകളുയര്ത്തി നിശ്ശബ്ദമായി പ്രാര്ത്ഥിക്കുന്നതു കാണാം.കേസ് ഷീറ്റ് വായിച്ചപ്പോഴാണ് അറിഞ്ഞത്,അയാള് പ്രൊഫഷണല് ഗായകനായിരുന്നു എന്ന്.ഗാനമേളകളില് സ്ഥിരമായി പാടുമായിരുന്നുവത്രേ.റൌണ്ട്സ് സമയത്ത് സാര് അക്ബറിനോട് പറയുന്നതു കേട്ടു വ്യാഴാഴ്ച പരിപാടിക്ക് പാടണം എന്ന്.അയാള് തലയാട്ടി.പക്ഷേ മുന്പുള്ള ആഴ്ചകളിലും സാര് ഇതു പോലെ ആവശ്യപ്പെടുകയും അക്ബര് സമ്മതിക്കുകയും ചെയ്തിരുന്നതാണ്,പരിപാടിയുടെ സമയത്ത് ഒന്നും നടന്നിട്ടില്ലെന്ന് ചിലര് പറയുന്നതു കേട്ടു. അങ്ങനെ വ്യാഴാഴ്ചയായി.ക്വിസ് പ്രോഗ്രാം നടത്താനും സമ്മാനം വിതരണം ചെയ്യാനുമെല്ലാം സാര് ഞങ്ങളില് ചിലരെ ഏല്പ്പിച്ചു.പ്രാര്ത്ഥന പാടേണ്ട ഹൗസ് സര്ജന്മാര് ഏതു വേണമെന്ന കൂലംകഷമായ ചര്ച്ചയിലാണ്.''എങ്ങുമെങ്ങും നിറയും വെളിച്ചമേ എന് കരളില് കുടിയിരിക്കേണമേ''പാടാമെന്ന് ആരോ.''എന്നിട്ട് വേണം രോഗികളാരെങ്കിലും എന കരളില് താമസിച്ചാല് മാപ്പു തരാം രാക്ഷസി എന്നും പാടി വരാന് ''എന്നു ജോണ്സണ്.ഒടുവില് 'പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്' പാടാന് തീരുമാനമായി. പരിപാടി തുടങ്ങി.എല്ലാവരും സജീവമായി പങ്കെടുക്കുന്നുണ്ട്.ക്വിസ് മത്സരവും മറ്റു മത്സരങ്ങളുമെല്ലാം വിജയകരമായി നടന്നു.അടുത്തത് കലാപരിപാടികളാണ്.മൈക്ക് ഓരോരുത്തരിലേക്ക് കൈമാറുകയാണ്.സാജിദ ''മഴവില്ക്കൊടി കാവടിയഴകു വിടര്ത്തിയ'' പാടി.സുബി-സുമി സഹോദരിമാര് ''പെന്തക്കോസ്തു നാളില് മുന് മഴ പെയ്യിച്ച'' പാടി.രാധ പതിവ് ''പുസ്തകമെല്ലാം തിന്നു മടുത്തൂ '' തന്നെ.ചിലര് മിമിക്രി കാണിച്ചു.ഒടുവില് മൈക്ക് അക്ബറിന്റെ കയ്യിലെത്തി.ആര്ക്കും അല്പം പോലും പ്രതീക്ഷയുണ്ടായിരുന്നില്ല,അയാളുടെ ശബ്ദമെങ്കിലും ഒന്നു കേള്ക്കാന് കഴിയുമെന്ന്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അയാള് പൊടുന്നനെ പാടാന് തുടങ്ങി. '' हुस्न का रंग महल केहता हूँ..........''പാടിത്തീരുന്നതു വരെ ഞങ്ങള് ശ്വാസമെടുക്കാന് പോലും മറന്നു നിന്നു പോയി,അതു പോലെയായിരുന്നു പാട്ട്.പാടിക്കൊണ്ടിരിക്കുന്ന ഗസലില് അയാള് അലിഞ്ഞു ചേര്ന്നത് പോലെയായിരുന്നു,ലോകത്തെ തന്നെ മറന്ന്.അതു പോലെയുള്ള സ്വര മാധുര്യവും കൂടി ചേര്ന്നപ്പോള് ഞങ്ങളെല്ലാവരും ഗസലിന്റെ മാസ്മരികതയിലാഴ്ന്നു പോയി.പരിപാടി കഴിഞ്ഞ് സന്ധ്യക്ക് തിരിച്ചു ഹോസ്റ്റലിലേക്കു നടക്കുമ്പോള് ഒരു കണ്ണീര്ക്കണം തൊണ്ടയില് തടഞ്ഞു നില്ക്കുന്നതു പോലെ തോന്നി.5 വര്ഷങ്ങള്ക്കു ശേഷം ഇന്നും അത് അങ്ങനെ തന്നെ നില്ക്കുന്നു.പിന്നീട് തുടര്ന്നുള്ള ആഴ്ചകളിലും അക്ബര് പാട്ടുകള് പാടി .''ആയിരം കാതം അകലെയാണെങ്കിലും'', ''പ്രാണസഖി ഞാന് വെറുമൊരു ''തുടങ്ങിയവ.ഞങ്ങളുടെ പോസ്റ്റിങ്ങ് തീരുമ്പോഴേക്ക് തന്നെ അയാളില് കുറെയധികം മാറ്റങ്ങള് കണ്ടിരുന്നു.ഇപ്പോള് അക്ബര് എവിടെയൊക്കെയോ ഗാനമേളകളില് പാടി മാസ്മര ശബ്ദം കൊണ്ട് കേള്വിക്കാരെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നുണ്ടാവുമെന്നു തന്നെയുള്ള ശുഭാപ്തി വിശ്വാസത്തോടെ ഈ ഓര്മ്മക്കുറിപ്പ് അവസാനിപ്പിക്കുന്നു.
Wednesday, 15 January 2014
മഴ
ഇന്നലെ -മഴ പെയ്യാറുള്ള ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.ഓര്മ്മകള് മഴ പൊഴിക്കുമായിരുന്ന കാലം.ജനലിനപ്പുറത്ത് തൊടിയില് പെയ്യുന്ന മഴ ബാല്യത്തിലേക്ക് അമ്മയെപ്പോലെ വരുമായിരുന്നു .വാര്ദ്ധക്യങ്ങളെ നനുത്ത സ്പര്ശമായി തലോടിയിരുന്നു .മുറ്റത്തു പെയ്യുന്ന മഴ നീര്ച്ചാലുകളായി വഴിയിലേക്കോടിയിറങ്ങുന്ന കാഴ്ച.ചെറുതുകള് ചേര്ന്നു വലുതുണ്ടാകുമെന്നഗണിത ശാസ്ത്ര തത്വം ബാല്യത്തെ പഠിപ്പിക്കുന്ന മഴ .മലമുകളിലെ മഴ.കടലില് പെയ്യുന്ന മഴ.എല്ലാം നമുക്കെല്ലാര്ക്കും ഒരു പോലെ സ്വന്തമായിരുന്നു.മനസ്സുകളിലേക്ക് സൌഹൃദ മഴയായി പെയ്തിറങ്ങിയിരുന്നു.ഓര്മ്മകളില് സംഗീതമായി പുനര്ജനിച്ചിരുന്നു ഇന്ന് -മഴ പെയ്യുന്നത് ജനലിനടുത്തല്ല,മതിലിനപ്പുറത്താണ്.മഴയ്ക്ക് കൈ നീട്ടി തൊടാനാവുകയുമില്ല,ജനലുകളില്ലാത്ത വീടുകളില് വാതിലടച്ചിരിക്കുന്ന ജീവിതത്തെ.കോട്ട മതിലിനുള്ളില് സുരക്ഷിതമെന്നു കരുതിയിരിക്കുന്ന വര്ത്തമാന കാലത്തെ.അനാഥമായ ഓര്മ്മകള് മതില്കള്ക്കു വെളിയില് ആരുടെയും സ്വന്തമല്ലാത്ത വഴിയിലൂടെ അലയുന്നു.മഴയ്ക്ക് അവയെ തലോടാം.തുറന്ന ജനലിന്നരികിലിരിക്കുന്ന അനാഥ വാര്ദ്ധക്യങ്ങളുടെ അനന്തമായ കാത്തിരിപ്പിനെയും നാളെ -നാളെയും മഴയ്ക്ക് പെയ്യാതിരിക്കാനാവില്ല,കാര്മേഘം നിറഞ്ഞ ആകാശം പറയുന്നത് അത് തന്നെയാണ് .അടഞ്ഞ വാതിലുകള്ക്കുള്ളിലെ സത്യങ്ങളുടെ സ്വാതന്ത്ര്യ ഗീതമാവുന്ന മഴ.മല മുകളില് അനങ്ങാതിരിക്കുന്ന കൂറ്റന് പാറകള് താഴേക്കിറങ്ങി വന്നേക്കാം,വാതിലുകള് തള്ളിത്തുറന്നു മഴയെ അകത്തേക്കാനയിക്കാന്.ഭൂത കാലത്തിലെ ഓര്മ്മ മാത്രമായി മാറാന് നമുക്കുള്ള ഭാവിയുടെ ക്ഷണപത്രമായി മഴ വരാതിരിക്കില്ല
Tuesday, 19 November 2013
ക്രിക്കറ്റും സച്ചിനും കുറെ ഓര്മ്മകളും
സച്ചിന് വിരമിച്ചു.അങ്ങനെയൊരു ദിവസം വരുമെന്നറിയാമായിരുന്നെങ്കിലും എന്തോ വല്ലാത്ത വിഷമം.സ്ഥിരമായൊന്നും കളി കാണാതെയായിട്ട് വര്ഷങ്ങളായി.എങ്കിലും സച്ചിന് സച്ചിന് തന്നെ മനസ്സില്.ഞാന് ക്രിക്കറ്റ് ആദ്യമായി കാണുന്നതു തന്നെ 99 ല് മാത്രമാണ്,ഇംഗ്ലണ്ടില് നടന്ന വേള്ഡ് കപ്പിലെ ഇന്ത്യ -സൌത്ത് ആഫ്രിക്ക മാച്ച്.പക്ഷേ കളിയുടെ ചരിത്രവും സ്ഥിതി വിവരക്കണക്കുകളും കുറെയൊക്കെ അറിയാമായിരുന്നു.അതു കൊണ്ട് കളി കാണുന്നതിനു മുന്പേ തന്നെ സച്ചിന് എന്ന ഹീറോ മനസ്സില് കുടിയേറിയിരുന്നു. ഏതായാലും ഞാന് ആദ്യമായി കണ്ട കളി ഇന്ത്യ തോറ്റു,പക്ഷേ അന്ന് കപ്പ് സാധ്യതയില് ഫസ്റ്റ് ബെറ്റ് ആയിരുന്ന ടീമിനോടാണല്ലോ എന്നോര്ത്തു സമാധാനിച്ചു.അടുത്ത കളി സിംബാബ്വേയോട്,അതും തോറ്റു എന്നതല്ല തോറ്റ വിധമായിരുന്നു സഹിക്കാന് പറ്റാതിരുന്നത്.ഇതിനിടെ അച്ഛന്റെ മരണവാര്ത്തയറിഞ്ഞ സച്ചിന് നാട്ടിലേക്ക് പോയി,എങ്കിലും അടുത്ത ദിവസം തന്നെ രാജ്യത്തിനു വേണ്ടി കളിക്കാനായി തിരിച്ചെത്തി.(ശ്രീലങ്കയുമായുള്ള മാച്ചില് സച്ചിന് കളിച്ച്ചിരുന്നില്ലെന്നാണോര്മ്മ,ആ കളി ദ്രാവിഡിന്റെയും ഗാംഗുലിയുടെയും സെഞ്ചുറികളുടെ സഹായത്തോടെ ഇന്ത്യ വന് മാര്ജിനില് ജയിച്ചിരുന്നു എന്നും) അച്ഛന്റെ ചിതയടങ്ങും മുന്പ് തിരിച്ചെത്തിയ സച്ചിന് കെനിയക്കെതിരെ സെഞ്ചുറി നേടുകയും ചെയ്തു.പക്ഷേ സൂപര് സിക്സിലെത്തിയ ഇന്ത്യ 3 കളികളില് ഒന്നില് മാത്രമാണ് വിജയിച്ചത് ,പാകിസ്ഥാനോട് മാത്രം.അങ്ങനെ സെമി കാണാതെ തിരിച്ചു വരേണ്ടി വന്നു.സെമിയില് പാകിസ്ഥാന് ന്യൂസിലണ്ടിനോട് ജയിച്ചു, മഴ മൂലം ലക്‌ഷ്യം പുനര് നിര്ണയിച്ച മറ്റേ സെമിയില് സൌത്ത് ആഫ്രിക്ക ആസ്ട്രേലിയയോട് നിര്ഭാഗ്യകരമായ വിധത്തില് സമനില വഴങ്ങി,പുറത്താവുകയും ചെയ്തു.ഫൈനലില് ആസ്ട്രേലിയ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തകര്പ്പന് വിജയത്തോടെ കപ്പു സ്വന്തമാക്കി. വേള്ഡ് കപ്പില് സച്ചിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.''ഏറെ പ്രതീക്ഷിച്ച ബാറ്റില് നിന്നു കിട്ടിയത് പൊട്ടും പൊടിയും മാത്രം''-എന്നു മാതൃഭൂമി മുഖപ്രസംഗമെഴുതിയത് ഓര്മ്മയുണ്ട്.ലോക കപ്പ് കഴിഞ്ഞു വന്ന ഓരോ ക്രിക്കറ്റ് പരമ്പരയും ആവേശത്തോടെ കണ്ടു.പത്താം ക്ലാസ്സില് പഠിക്കുന്ന കാലമാണ്.പഠനം എന്ന കലാപരിപാടി പരീക്ഷയുടെ ടൈം ടേബിള് വന്ന ശേഷം മാത്രം നടക്കുന്ന ഒന്നായിരുന്നതു കൊണ്ട് ക്രിക്കറ്റ് സീരീസ് ഒന്നും മുടക്കിയിരുന്നില്ല.(പഠനത്തെപ്പറ്റി പറയുമ്പോഴാണ്,10 ലെ ടെക്സ്റ്റ് പുസ്തകങ്ങളിലെ സാഹിത്യം ഭീകരമായിരുന്നു,തെറ്റിദ്ധരിക്കേണ്ട,ഭാഷാപാഠപുസ്തകങ്ങളെക്കുറിച്ചല്ല പറഞ്ഞു വരുന്നത്,ചരിത്രം ഭൂമിശാസ്ത്രം തുടങ്ങിയവയിലെ കാര്യമാണ്.പരീക്ഷയുടെ തലേന്നാള് ഹിസ്റ്ററി പഠിക്കുമ്പോള് ബോസ്റ്റണ്‍ ടീ പാര് ട്ടിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ് -''തേയിലപ്പെട്ടികള് കപ്പലില് നിന്ന് കടലിലേക്ക് എറിയപ്പെടുന്നു''കര്മ്മണി പ്രയോഗത്തിന്റെ ഉദാഹരണം ചുളുവില് പഠിക്കാന് പറ്റിയില്ലേ! ഇതു കഴിഞ്ഞ് ജ്യോഗ്രഫി ടെക്സ്റ്റ് തുറന്നാലോ, ''അതിനു ശേഷം ഉഷ്ണജലപ്രവാഹം അവിടെ നിന്ന് നീതമാവുകയും........''ഇതൊക്കെ വായിച്ചു രോമാഞ്ച കഞ്ചുകമണിയാമെന്നു വച്ചാല് നേരവുമില്ല!) എസ് എസ് എല് സി പരീക്ഷയുടെ സമയത്തായിരുന്നു ഷാര്ജാ കപ്പ്.ഞാന് അടഞ്ഞ മുറിക്കകത്ത് പഠിക്കുമ്പോള് അച്ഛന് കളി കാണും,ഇടയ്ക്ക് അമ്മയും.അച്ഛന് മുറിയുടെ ജനലിനരികില് വന്ന് അമ്മ കാണാതെ കളിയുടെ പുരോഗതി അറിയിച്ചു കൊണ്ടിരിക്കും.അഗാര്കറിനെയും ശ്രീനാഥിനെയും ഒക്കെ ചീത്ത പറയുന്നുമുണ്ടാവും,ക്യാച് വിട്ട ജഡേജയെയും.സച്ചിന് ഒഴികെ എല്ലാവര്ക്കും ഇതു കിട്ടാറുണ്ട്. സൌത്ത് ആഫ്രിക്ക ഇന്ത്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചു പോയതിനു പിന്നാലെ കോഴവിവാദം ആളിപ്പടര്ന്നു.ക്രിക്കറ്റ് വിരോധികള് ആഘോഷിച്ചു.(ഹൊ,എസ് എസ് എല് സി പരീക്ഷ എഴുതിക്കൊണ്ടിരുന്ന സമയത്തു പോലും ഇത്ര ടെന്ഷന് അനുഭവിചിരുന്നില്ല.)സച്ചിന് ഉള്ളതു കൊണ്ട് കളിയോടുള്ള ആവേശം ഇതിനൊക്കെ ഇടയിലും നിലനിന്നു. തൃശ്ശൂരിലെ എന്ട്രന്സ് കോച്ചിംഗ് ക്ലാസ്സിലെ പഠനതിനിടയിലാണ് 2003 -ലെ വേള്ഡ് കപ്പ് വന്നത്.ഹോസ്റ്റലിലെ 30 പേരും ക്രിക്കറ്റ് പ്രേമികള് തന്നെ,എങ്കിലും ക്രിക്കറ്റ് ഭ്രമം തലയ്ക്കു പിടിച്ചവര് ഒരു 8-10 പേരായിരുന്നു,ഞാനുള്പ്പെടെ.ഞാനും ലേഖയും സ്മിതയും ഷംനയും സച്ചിന് ഫാന്സ് .പ്രിയാ സേനനും ദിവ്യയും ഗാംഗുലി ഫാന്സ് , പ്രിയാ പദ്മനാഭനും നീതുവും ദ്രാവിഡ് ഫാന്സ്.രശ്മി ഓരോ ദിവസവും അഭിപ്രായം മാറ്റുന്നതു കൊണ്ട് അവളെ ഞങ്ങള് ഒരു ഫാന്സ് അസോസിയേഷനിലും ചേര്ത്തില്ല.ഫാന്സ് തമ്മിലുള്ള തര്ക്കം ഒഴിവു സമയത്ത് നല്ലൊരു നേരമ്പോക്കായിരുന്നു.രശ്മി പ്രിയയോട് പറയും''സച്ചിന് എടുക്കുന്ന സ്കോറിനെ 20 കൊണ്ട് ഹരിച്ച് 3 കൂട്ടിയാല് ഗാംഗുലിയുടെ സ്കോര് കിട്ടും''.പ്രതികരണം മിക്കവാറും ഓടിച്ചിട്ടു തല്ലലായിരിക്കും.അടുത്ത റൂമില് ദിവ്യ നീതു കേള്ക്കാനായി -''ഞാന് ആക്ച്വലി കന്നടിഗയാണ്,പിന്നെ ശരിക്ക് പറഞ്ഞാല് ഈ രാഹുല് എന്റെയൊരു കസിനായിട്ടു വരും.ഞങ്ങള് ഫാമിലി ആയിട്ടു വളരെ ഭംഗി ഉള്ളവരാണ്,അവന് മാത്രമാണ് ഒരു എക്സെപ്ഷന്'' വേള്ഡ് കപ്പ് വാര്ത്തകളറിയാന് പത്രം മാത്രമാണ് ശരണം.മനോരമയും ദി ഹിന്ദുവും ആണ് വരുത്തുന്നത്.അങ്ങനെയാണ് ഞങ്ങള് കുറച്ചുപേര് ബ്രാഹ്മ മുഹൂര്ത്തം കണ്ടു തുടങ്ങിയത്.പി സി തോമസ് സാറിന്റെ ഇന്സ്റ്റിറ്റ്യൂട്ടിലെ മന്ത്ലി എക്സാമിനു പോലും നേരത്തെ എഴുന്നേല്ക്കാത്തവര് അതിരാവിലെ എന് സി ഇ ആര് ടി ടെക്സ്റ്റ് ബുക്കുമായി സിറ്റൗട്ടില് ഹാജര്.ആകെയുള്ള രണ്ടു പത്രം അഞ്ചും പത്തുമായി വീതിച്ചു പോകും.പിന്നെ കളികളുടെ വിദഗ്ധ വിശകലനം,തര്ക്കം.വാര്ഡന് ഉണര്ന്ന് ''എന്തു നരകമാണിവിടെ'' എന്ന പതിവ് മുഖഭാവവുമായി വാതില്ക്കല് പ്രത്യക്ഷപ്പെടുന്നത് വരെ ഇത് തുടരും. ഇന്ത്യയുടെ ആദ്യത്തെ കളി ഹോളണ്ടുമായി ,വിരസമായ ഒരു വിജയം,സച്ചിന് 52 .രണ്ടാമത്തെ കളി ആസ്ട്രേലിയയോട് തോറ്റു.ഇന്ത്യയില് ആരാധകരുടെ ക്ഷമ നശിച്ചു തുടങ്ങി.അടുത്ത കളി നമീബിയയുമായി.ഇന്ത്യ ജയിച്ചു.സച്ചിന് 152.മാന് ഓഫ് ദ മാച്ച്.സിംബാബ്വെക്കെതിരെ സച്ചിന് 81.ഇംഗ്ലണ്ടിനെതിരെ 50.പാകിസ്ഥാനെതിരെ 75 പന്തില് 98.ശ്രീലങ്കക്കെതിരെ 97.ഈ കളികളെല്ലാം ഇന്ത്യ ജയിക്കുന്നു,സെമിയില് കെനിയയോടും(സച്ചിന് 83.)ഞങ്ങളെല്ലാവരും അവിശ്വസനീയത കലര്ന്ന ആഹ്ളാദത്തിലായിരുന്നു(ഹിന്ദുവില് നിര്മല് ശേഖര് -''Ah what a genius,what a great master of batsmanship he is,what a gifted little man,who is,at once Eminem and Placido Domingo,and at once Mozart and Madonna,and whose bat is,at once a great big axe in the hands of a mad man and the paint brush in the hands of Picasso'') .സച്ചിന് മാത്രമല്ല ടീം മൊത്തത്തില് മികച്ച പ്രകടനം,ബാറ്റിംഗും ബൌളിംഗും ഫീല്ഡിംഗും എല്ലാം.ഫൈനലില് ആസ്ട്രേലിയയാണ് എതിരാളികള്.(സൌത്ത് ആഫ്രിക്ക പതിവു പോലെ ഡക്ക് വര്ത്ത് ലൂയിസ് നിയമത്തിന്റെ പുതിയ 'സാധ്യത' കണ്ടു പിടിച്ചു പുറത്തു പോയിരുന്നു.) ഗില്ലസ്പിക്ക് പരിക്ക് എന്നു കേട്ട് സ്മിതയുടെ ആഹ്ളാദം-'' ഹായ് ഗില്ലസ്പിക്ക് പരിക്ക്,ഇനി ആ ബ്രെറ്റ് ലീയുടെ കൈയും കാലും കൂടി ഒന്നൊടിഞ്ഞു കിട്ടിയാല് മതിയായിരുന്നു,പിന്നെ പറ്റുമെങ്കില് മക്ഗ്രാത്തിന് ഒരു പനി കൂടി വന്നോട്ടെ'' എല്ലാവരും ഫൈനല് വിജയം സ്വപ്നം കണ്ടുതുടങ്ങി.നിരീശ്വരവാദികള് വരെ അടുത്തുള്ള ക്ഷേത്രത്തിലും പള്ളിയിലും പതിവുകാരായി(പി എസ് :എന്റെ കാര്യമല്ല )എന്നിട്ടും ഫൈനലില് ദുരന്തം തന്നെ. ആസ്ട്രേലിയ തുടര്ച്ചയായ രണ്ടാം ലോക കപ്പ് നേടി.മാന് ഓഫ് ദ സീരീസ് സച്ചിന് തന്നെ.11 ഇന്നിംഗ്സില് നിന്ന് 673 റണ്‍സ്. പിന്നെ പതിയെ കളി കാണുന്നത് കുറഞ്ഞു വന്നു,ഹോസ്റ്റല് വാസം കാരണം.സച്ചിന്റെ ഏകദിന ഡബിള് സെഞ്ചുറി കണ്ടിരുന്നു,2011 വേള്ഡ് കപ്പും.ഇനിയെന്നെങ്കിലും കളി കാണുമോ എന്നറിയില്ല.കണ്ടാലും സച്ചിന് ക്രീസില് നില്ക്കുന്ന നേരം മുഴുവനുമുള്ള നെഞ്ചിടിപ്പ് ഇനിയില്ല എന്നുറപ്പ്.
Tuesday, 29 October 2013
സ്മൃതി 'ലഹരി'
മുന്നറിയിപ്പ് :മദ്യപാനം ആരോഗ്യത്തിനു ഹാനികരം മുകളില് കാണുന്ന മുന്നറിയിപ്പ് വായിച്ചു പരിചയമുണ്ട്, അലമാരയിലിരിക്കുന്ന 'കുപ്പി' അപൂര്വമായി അടുത്ത് കണ്ടിട്ടുമുണ്ട്.വേറെ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. മദ്യത്തിന്റെയും വിഷത്തിന്റെയും ഗുണങ്ങള് ഒന്നാണെന്നു പഠിക്കുകയും ചെയ്തിട്ടുണ്ട്.എന്നാലും ഇതൊന്നു കഴിച്ചാലെങ്ങനെയിരിക്കും എന്ന ഒരു കുരുത്തം കെട്ട ജിജ്ഞാസ പണ്ട് തൊട്ടേ ഉണ്ടായിരുന്നു.പക്ഷേ വീട്ടില് പറഞ്ഞാല് പ്രതികരണം വളരെ പൈശാചികവും ബീഭത്സവും ആയിരിക്കും എന്നുറപ്പുള്ളത് കൊണ്ട് നമ്മുടെ ഉള്ളിലെ ജിജ്ഞാസു തത്കാലം പുറത്തവതരിച്ചില്ല. കുറച്ചു കാലം കഴിഞ്ഞു,പഠനം(?) കഴിഞ്ഞു.പിന്നെ വിവാഹം.ഭര്ത്താവിന്റെ ജോലിസ്ഥലത്തേക്ക് താമസം മാറിയതോടെ സര്വ തന്ത്ര സ്വാതന്ത്ര്യവുമായി. ആയിടയ്ക്കാണ് ഒരു കൂട്ടുകാരി അടുത്ത് ഒരു ഹോസ്റ്റലില് താമസിക്കുന്ന കാര്യം അറിഞ്ഞത്. ഇടയ്ക്കൊക്കെ കണ്ടുമുട്ടും, മണിക്കൂറുകളോളം സംസാരിച്ചിരിക്കും,സൂര്യനു കീഴെയും മുകളിലുമുള്ള പലതിനെപ്പറ്റിയും.അങ്ങനെയിരിക്കുമ്പോഴാണ് 2012-ലെ പുതുവര്ഷം വരുന്നത്.എങ്ങനെ ആഘോഷിക്കാം എന്നായി ചര്ച്ച.കേക്കിന്റെ കൂടെ വൈന് കൂടി ആയാലോ എന്ന് അവള്.അവള്ക്ക് ബിയര്,റം തുടങ്ങി കുറച്ചൊക്കെ രുചിയെങ്കിലും അറിയാം.ഏതായാലും ഞങ്ങള് വൈന് അന്വേഷിച്ചു നടന്നെങ്കിലും ആ പരിസരത്തൊന്നും കിട്ടിയില്ല. എന്നു വച്ച് അങ്ങനെ ഉപേക്ഷിക്കാന് പറ്റുമോ.ന്യൂ ഇയര് ഈവിന് സംഗതി കിട്ടിയേ പറ്റൂ.ഒടുവില് 31 നു രാവിലെ ഞാനും ആര്യപുത്രനും കൂടി മാഹിക്ക് ബസ്സ് പിടിച്ചു .അവിടെ ചെന്ന് ആദ്യം കണ്ട വൈന് ഷോപ്പില് കയറി.രണ്ടു ബോട്ടില് വൈന് വാങ്ങി.(ഒന്നു ഞങ്ങള്ക്ക്,ഒന്നു കൂട്ടുകാരിക്കും).പിന്നെ മാഹി വരെ വന്നതല്ലേ എന്ന് കരുതി ഒരു ബ്രാണ്ടിയും.അത് സെലക്ട് ചെയ്യുന്നതിനിടെ നമ്മുടെ ആര്യപുത്രന്റെ ചോദ്യം,''ഇത് മതിയോ?'' എന്ന് എന്നോട് !!ഞാന് കത്തുന്ന ഒരു നോട്ടം നോക്കി.(കക്ഷിക്ക് പഠിക്കുന്ന കാലത്ത് ഒരിക്കല് റമ്മില് കോള ഒഴിച്ച് കഴിച്ചതിന്റെ പരിചയം മാത്രമേയുള്ളൂ.എന്നിരുന്നാല് തന്നെയും ഈ ചോദ്യം കുറച്ചു കൂടിപ്പോയില്ലേ.എനിക്കിതു പതിവാണെന്നല്ലേ കേള്ക്കുന്നവര് കരുതൂ.ഏതായാലും ബാക്കി വീട്ടില് ചെന്നിട്ട് എന്നു ഞാന് മനസ്സില് പറഞ്ഞു) വൈകുന്നേരം ഒരു കുപ്പി വൈന് കൂട്ടുകാരിക്ക് എത്തിച്ചു,അവളും ഒരു റൂം മേറ്റും ചേര്ന്നു സാധനം ഏറ്റുവാങ്ങി സുരക്ഷിതമായി റൂമില് കൊണ്ടു വച്ചു.ഞങ്ങള് തിരിച്ചു വീട്ടിലെത്തി. വൈകാതെ വൈന് ഗ്ലാസ്സിലേക്ക് പകര്ന്നു.നല്ല ചുവന്ന നിറം.(10-ല് പഠിച്ച 'ജീവിതോത്സവം' ഓര്മ്മ വന്നു.''ചിന്താ സുന്ദര കാവ്യവും ലഘുതരം ഭോജ്യങ്ങളും ചെന്നിറം ചിന്തിപ്പൂമ്പത പൊങ്ങി വീഞ്ഞു നിറയും സുസ്ഫാടികക്കിണ്‍ണവും '')രുചിച്ചു നോക്കിയപ്പോള് ആവശ്യത്തിലധികം കയ്പ് .പിന്നെ കണ്ണ് ചിമ്മി ഒന്നൊന്നര ഗ്ലാസ് അകത്താക്കി.നീ തന്നെ കഴിച്ചോ എന്ന് ഭര്ത്താവ് .(പാല് കാണുന്നത് തന്നെ അലര്ജി ആയ എന്നെക്കൊണ്ട് ആദ്യരാത്രി ഒരു വലിയ ഗ്ലാസ്സ് നിറയെ പാല് ഒറ്റയ്ക്ക് കുടിപ്പിച്ച ആളാണ്.അമ്മായി അമ്മയും നാത്തൂനും കൂടി പഞ്ചസാരയിട്ട പാലും തന്നു പറഞ്ഞു വിട്ടതാണെന്ന് ഞാന്.''അവര് തന്നെന്ന് കരുതി ഇതും എടുത്തോണ്ടു പോരാന് നിന്നോടാര് പറഞ്ഞു, ഞാന് ഒരിക്കലും പാല് കുടിക്കാറില്ല ''എന്നു കക്ഷി. ഗത്യന്തരമില്ലാതെ ഞാന് തന്നെ കുടിച്ചു ,ഈ ചടങ്ങ് കണ്ടുപിടിച്ച്ചവരെ പ്രാകിക്കൊണ്ട്.) കുറച്ചു നേരം ടി വി കണ്ട് ഇരുന്നു.എഴുന്നേറ്റപ്പോള് ചെറിയ പ്രശ്നം ,ബാലന്സ് കിട്ടുന്നില്ല.ഓ ഇതാണോ ഈ കിക്ക് എന്നു പറയുന്ന സംഗതി!!12 മണി വരെ ഇരുന്ന ശേഷം ഫ്രണ്ട്സിനു പുതുവത്സരാശംസകള് അയച്ചു .പിന്നെ കിടന്നുറങ്ങി. രാവിലെ കേക്കും വാങ്ങി കൂട്ടുകാരിയുടെ അടുത്തേക്ക്. തലേന്നാളത്തെ കഥ അവള് പറഞ്ഞു തുടങ്ങി.''രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് മുറിയില് കയറിയപ്പോഴേ മിലി തിരക്കു കൂട്ടിത്തുടങ്ങി.കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞിട്ടു കേള്ക്കുന്നില്ല.ബോട്ടിലിന്റെ അടപ്പു തെറിച്ച ശബ്ദം വാര്ഡന്റെ റൂമില് വരെ കേട്ടിട്ടുണ്ടാകും.കയ്പു കൊണ്ട് കുടിക്കാന് ബുദ്ധിമുട്ടു തോന്നിയത് കൊണ്ട് കുറെ പഞ്ചസാരയിട്ട് അഡ്ജസ്റ്റ് ചെയ്തു .നൂല് പോലെയിരിക്കുന്ന മിലി കുടിക്കുന്നത് കണ്ട് എനിക്ക് തന്നെ പേടിയായി.അവള്ക്ക് ബാംഗ്ളൂരില് പഠിക്കുന്ന സമയത്ത് ബിയര് കുടിച്ചു പരിചയമുന്ടെന്ന്.'' രണ്ടു പേരും ചേര്ന്ന് ഒരു കുപ്പി വൈന് തീര്ത്തു.കുറെ നേരം വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.മിലിയുടെ സംസാരം കുറച്ചു കൂടി എന്നു മാത്രം.പഴയ പല കഥകളും പറയാന് തുടങ്ങി.ബാംഗ്ലൂരില് പഠിക്കുമ്പോള് തമിഴനായ ഒരു അധ്യാപകനോടു പ്രണയം തോന്നിയതും അതിന്റെ ആവേശത്തില് തമിഴ് അക്ഷരമാല വരെ പഠിച്ചതും മറ്റും.(കര്ണാടകയില് പഠിക്കാന് പോയ ഇവള് തമിഴ് വായിക്കുന്നതിന്റെ ഗുട്ടന്സ് ഇപ്പോഴല്ലേ പിടി കിട്ടിയത്.)കൂട്ടുകാരിക്കാണെങ്കില് മിലി മനസ്സു തുറക്കുന്നത് നല്ലൊരു നേരംപോക്ക് ആയി തോന്നി.അവള് പ്രോത്സാഹനമായി പുട്ടിനു തേങ്ങ എന്നത് പോലെ ചോദിച്ചു കൊണ്ടിരുന്നു - ''എന്നിട്ട് മിലി ?'' പാവം മിലി .കുറച്ചു കഴിഞ്ഞപ്പോള് സെന്റിമെന്റലായി.കഥയിലെ സാറിന്റെ കല്യാണം കഴിഞ്ഞു.''നിനക്ക് വിഷമം തോന്നിയോ മിലി''എന്ന് കൂട്ടുകാരി.''ഉം.ഞാന് കുറെ കരഞ്ഞു ''എന്ന് മറുപടി.''നിനക്ക് വട്ടുണ്ടോ.ഇതൊക്കെ നിന്റെ വെറും തോന്നലല്ലേ .അവളുടെ ഒരു കോപ്പിലെ പ്രണയം ''എന്ന് കൂട്ടുകാരി വയലന്റായി.ഇതിനുള്ള മറുപടിയായിരുന്നു മിലിയുടെ പുതുവര്ഷത്തിലെ മാസ്റ്റര്പീസ് -''പരാജയപ്പെട്ട പ്രണയങ്ങളല്ലേ അനശ്വരമായി നില്ക്കുന്നത്.കൃഷ്ണന് രാധയെ കല്യാണം കഴിച്ചോ?ഇല്ലല്ലോ?അവരുടെ പ്രണയത്തെ പറ്റിയല്ലേ എല്ലാവരും പറയുന്നത്.അതുപോലെയാണ് എന്റെ പ്രണയവും.'' ഇത്രയുമായപ്പോള് ഇന്റെര്വല് ആയി.കുറെ നേരം മിലി ഓഫ് ആയി.രക്ഷപ്പെട്ടെന്നു കരുതി ഇരിക്കുമ്പോഴാണ് ''എനിക്ക് ഛര്ദ്ദി ക്കാന് തോന്നുന്നു'' എന്നു മിലി.ഒരുവിധത്തില് ബാത്‌റൂമില് കൊണ്ടു ചെന്നാക്കി.കുറെ നേരം ഛര്ദ്ദി തന്നെ.ഒടുവില് ഒരുവിധം അതൊന്നു നിന്നു കിട്ടിയപ്പോള് അടുത്ത ആവശ്യം വന്നു.-''ഇത് ഇവിടെ വേണ്ട.ഇതൊന്ന് എടുത്തു മാറ്റുമോ?''മിലി പറയുന്ന അനാവശ്യ വസ്തു മറ്റൊന്നുമല്ല, ബാത്ത് റൂമിലെ യൂറോപ്യന് ക്ളോസറ്റ് ആണ്.അല്ലെങ്കില് തന്നെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു നില്ക്കുന്ന കൂട്ടുകാരിക്ക് ഇത് കൂടി കേട്ടപ്പോള് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.''എന്തോ കുറച്ചു കഴിഞ്ഞപ്പോള് അവള് ഉറങ്ങിപ്പോയി.ഇല്ലെങ്കില് പുതുവര്ഷത്തില് തന്നെ ഞാനൊരു കൊലപാതകി ആയേനെ''എന്ന് അവള് ആത്മാര്ത്ഥമായി തന്നെയാണ് പറഞ്ഞതെന്ന് എനിക്ക് തോന്നി.
Subscribe to:
Comments (Atom)
