തൃശ്ശൂരിലെ എന്ട്രന്സ് കോച്ചിംഗ് ക്ലാസ്സിലെ ഒരു വര്ഷത്തെ പഠനം കഴിഞ്ഞ് പരീക്ഷ എഴുതി.ആദ്യം കിട്ടിയത് എഞ്ചിനീയറിങ്ങിനായിരുന്നു, വയനാട് ഗവ: എന്ജിനീയറിങ് കോളേജില് .എനിക്കാണെങ്കില് കണക്കും ഫിസിക്സും പണ്ടേ ചതുര്ത്‌ഥിയാണ്. ഡിഗ്രിയ്ക്ക് ഫിസിക്സ് പഠിക്കുന്നത് ഒഴിവാക്കാന് വേണ്ടിയാണ് തൃശ്ശൂരില് പോയത് തന്നെ. സ്റ്റാറ്റിക്സും മെക്കാനിക്സും ഗ്രാഫിക്സുമെല്ലാം ചേര്ന്നു എന്നെ വട്ടാക്കി.പോരെങ്കില് മാത്സും. ഇന്റെഗ്രേഷന്റെ ചിഹ്നം കാണുന്നതേ എനിക്ക് അലെര്ജി ആയിരുന്നു. ഏതായാലും രണ്ടു മാസം കഴിയുമ്പോഴേക്ക് ഹയര് ഓപ്ഷന് വന്നു,എനിക്ക് ആയുര്വേദം കിട്ടുകയും ചെയ്തു. അങ്ങനെ 2003 ഒക്ടോബറില് കണ്ണൂര് ഗവ:ആയുര്വേദ കോളേജില് കാല് കുത്തി.ഒന്നര വര്ഷം കഴിഞ്ഞു മാത്രമേ പരീക്ഷ വരൂ എന്നത് കൊണ്ട് തന്നെ ഞങ്ങള്ക്ക് കോളേജില് ആഘോഷങ്ങള്ക്കൊന്നുംഒരുകുറവുമുണ്ടായിരുന്നില്ല.ആര്ട്സ് ഡേ, ഹൗസ് സര്ജന്സ് ഡേ,യൂണിയന് ഇനോഗുറേഷന് ,ഫൈന് ആര്ട്സ് ഇനോഗുറേഷന്, എല് എച് ഡേ ,എം എച് ഡേ ......ഇതിനിടയിലാണ് ആയുര്ഫെസ്റ്റ്(സംസ്ഥാനതലത്തില് ആയുര്വേദ കോളേജുകളുടെ കലോത്സവം) വരുന്നത്. 2004ഓഗസ്റ്റിലാണ് ആയുര്ഫെസ്റ്റ്. രണ്ടു മൂന്ന് മാസങ്ങള്ക്ക് മുന്പ് തന്നെ പ്രാക്ടീസ് തുടങ്ങി. രചനാ മത്സരങ്ങള്ക്കായി സ്ക്രീനിംഗ് നടക്കുന്നുണ്ടായിരുന്നു. നൃത്തം, അഭിനയം,സംഗീതം തുടങ്ങിയ സുകുമാര കലകളുമായി യാതൊരു ബന്ധവുമില്ലാത്ത ഞങ്ങള് ചിലരൊക്കെ പേപ്പറും പേനയുമായി അവിടെ ഹാജരായി.കൂടെ ഒരു സ്ക്രീനിംഗ് പോലും വിടാതെ എല്ലാത്തിനും കയറുന്ന ഒരു സഹപാഠിയും.കവിത, കഥ,എസ്സേ ,ചിത്രരചന -എല്ലായിടത്തും കക്ഷിയെ കാണാം. പെന്സില് ഡ്രോയിംഗ് നടക്കുന്ന ക്ളാസ്സ് മുറിയാണ് രംഗം.മത്സരം കഴിഞ്ഞ ശേഷം മറ്റു കുട്ടികള് മുറിയില് കയറി ചിത്രങ്ങള് കാണുകയാണ്. മത്സരത്തിന്റെ വിഷയം 'ഗുരുകുലം' ആയിരുന്നു.നമ്മുടെ കഥാനായകന് വരച്ച ചിത്രം ഒരു ഹിറ്റായി മാറി-ഒരു ആല്മരത്തിനു ചുവട്ടില് ഉപ്പിലിട്ടുണക്കിയ പരുവത്തിലുള്ള ഒരു ഗുരുവും അതേ ശരീരപ്രകൃതിയോടു കൂടിയ കുറെ ശിഷ്യന്മാരും, കുറച്ചു ദൂരെ ഒരു ഓലപ്പുര (അത് ആശ്രമമാണത്രേ !), അതിന്റെ മുറ്റത്ത് പട്ടിയെപ്പോലുള്ള ഒരു ജീവിയും അതിന്റെ കുഞ്ഞും (ആശ്രമത്തിലെ പശുവും കിടാവുമാണ് അതെന്നു അവന് പിന്നീട് പറഞ്ഞു തന്നു!!). എങ്കിലും ചിത്രത്തിന്റെ ഹൈലൈറ്റ് ഇതൊന്നുമായിരുന്നില്ല .ഓലപ്പുരയിലേക്ക് ഒരു ബോര്ഡ് -'ഗുരുഗുലം'-ഒരു ആരോമാര്ക്കും കക്ഷിയുടെ അടുത്ത മത്സര ഇനം കവിതാരചന ആയിരുന്നു ,വിഷയം 'ഘടികാര സൂചികള്'.പെട്ടെന്ന് തന്നെ എഴുതിത്തീര്ത്ത് ആള് പുറത്തിറങ്ങി, അതേ സമയം നടക്കുന്ന മറ്റൊരിനത്ത്തില് പങ്കെടുക്കേണ്ടതാണ്.മേശപ്പുറത്തു വച്ചിട്ടു പോയ പേപ്പര് റൂമില് നിന്നിരുന്ന സാര് എടുത്തു വായിക്കുന്നത് കണ്ടു ,ഞെട്ടുന്നതും .കാര്യമറിയാനായി മത്സരം കഴിഞ്ഞപ്പോള് ആരോ അതെടുത്തു നോക്കി.കവിതയുടെ തുടക്കം:''ഞാന് അവളെ പുണര്ന്നപ്പോള് ഘടികാര സൂചികള് നിശ്ചലമായി'' മലയാളം കഥാരചനയിലായിരുന്നു അടുത്ത പ്രകടനം.അത് വായിച്ച ഒരു സുഹൃത്ത് വന്ന് കഥാ സാരം പറഞ്ഞു തന്നത് ഇങ്ങെനയായിരുന്നു :''ഒരു ബലാത്സംഗം,ഒരു ഗര്ഭച്ഛിദ്രം, ഒരു കുഞ്ഞിക്കാല് '' (ഗര്ഭച്ഛിദ്രത്തിനു ശേഷം കുഞ്ഞിക്കാല് എവിടെ നിന്നു വന്നെന്നറിയില്ല ) ഇതേ സമയത്ത് ഓണ്‍ സ്റ്റേജ് മത്സരങ്ങളുടെ പ്രാക്റ്റീസ് തകൃതിയായി നടക്കുന്നുണ്ടായിരുന്നു.പ്രത്യേകിച്ച് നാടകത്തിന്റെ.മതഭ്രാന്ത് വര്ഗീയ ലഹളയിലേക്കും സര്വനാശത്തിലേക്കും നയിക്കുന്നതാണ് കഥ.നാടകത്തിന്റെ പേര് 'അന്ധത'. നായകന്റെ പേര് മുഹമ്മദ് ,ഞങ്ങളുടെ ഒരു സഹപാഠിയാണ് ആ വേഷം ചെയ്യുന്നത്.നായിക പാര്വതി ,ഒരു സീനിയര് വിദ്യാര്ത്ഥിനി ചെയ്യുന്നു.പിന്നെ ഇവരുടെ മക്കളായി രണ്ടു സീനിയര് വിദ്യാര്ഥികള്.കൂടാതെ നാല് പപ്പെറ്റ്സും.നാടകം സംവിധാനം ചെയ്യുന്നത് പുറത്തു നിന്നൊരാളാണ്.വികാര തീവ്രമായ ഡയലോഗുകളും സംഘര്ഷാത്മകമായ രംഗങ്ങളും.ദിവസവും നിരത്താതെ പരിശീലനം, പപ്പെറ്റ്സ് പോലും.ഞങ്ങളൊക്കെ മൂന്നാം നിലയിലെ ഓഡിറ്റോറിയത്തിലാണ് മുഴുവന് സമയവും.എന്തുവന്നാലും നാടകത്തിനു നമുക്ക് തന്നെ ഒന്നാം സ്ഥാനം എന്ന് എല്ലാവരും ഉറപ്പിച്ചു. അങ്ങനെ കാത്തുകാത്തിരുന്ന ആയുര്ഫെസ്റ്റ് എത്തി.തൃപ്പൂണിത്തുറ ഗവ: ആയുര്വേദ കോളേജില് വച്ചാണ് മത്സരങ്ങള്.പരിയാരത്ത് നിന്ന് കുറച്ചു പേര് രാത്രി കോളേജ് ബസ്സില് യാത്ര പുറപ്പെട്ടു.ബാക്കിയുള്ളവര് രാവിലെ പയ്യന്നൂരില് നിന്ന് പരശുരാം എക്സ്പ്രെസ്സിനും.12,13,14,15 തീയതികളിലായിരുന്നു ആയുര്ഫെസ്റ്റ് . അവിടത്തെ പഴയ എം എച്ച് ലാണ് ഞങ്ങള്ക്ക് താമസിക്കേണ്ടി വന്നത്.രണ്ടു മെയിന് സ്റ്റേജുകളിലെക്കും മാറി മാറി ചെന്ന് ഞങ്ങള് സ്വന്തം കോളേജിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ചിലയിനങ്ങളിലൊക്കെ ഞങ്ങള്ക്ക് സമ്മാനം കിട്ടുകയും ചെയ്തു. 14 നു രാത്രിയായിരുന്നു നാടക മത്സരം.പതിവ് പോലെ പ്രോത്സാഹനത്തിനായി ഞങ്ങളുമുണ്ട്.നാടകത്തിന്റെ പേര് അനൌണ്‍സ് ചെയ്തു-''അന്ധത'' . അതിനു ശേഷം എന്താണ് സംഭവിച്ചതെന്നു ഞങ്ങള്ക്ക് ആര്ക്കും മനസ്സിലായില്ല.ലൈറ്റും സൌണ്ടും ഡയലോഗുകളും തമ്മിലുള്ള ബന്ധമെന്താണെന്നു ഒരാള്ക്കും മനസ്സിലായില്ല.ഇതേതു കോളേജിന്റെ നാടകമാണെന്ന് പലരും ചോദിച്ചു തുടങ്ങി .ഞങ്ങള് മിണ്ടിയില്ല.ഇതിനിടെ ഞങ്ങളുടെ രണ്ടു സീനിയര് ചേട്ടന്മാര് പരസ്പരം ഇതേ ചോദ്യം ഉറക്കെ ചോദിക്കുന്നത് കേട്ട് ഞങ്ങള് ഞെട്ടി. 15ന് രാവിലെ എഴുന്നേറ്റപ്പോള് തൊട്ടടുത്തുള്ള സ്കൂളില് ആഘോഷം.എന്താണെന്ന് ആദ്യം മനസ്സിലായില്ല.പലരും പല ഊഹങ്ങളും പറഞ്ഞു .പിന്നീടാണ് ബോധോദയമുണ്ടായത് ,ആഗസ്റ്റ് 15!.കുറെ ദിവസങ്ങളായി ആയുര്ഫെസ്റ്റ് തലയ്ക്കു പിടിച്ചിരിക്കുകയായിരുന്നെന്നു മാത്രവുമല്ല പുറം ലോകവുമായി ബന്ധവുമില്ല.എന്തായാലും ഈ അബദ്ധം ഞങ്ങള് ആരോടും പറഞ്ഞില്ല.രാത്രി സമാപന സമ്മേളനം നടന്നതിനു ശേഷം മടക്കയാത്ര ആരംഭിച്ചു .ബസ്സില് നിശ്ശബ്ദതയായിരുന്നു.''എല്ലാം പോയില്ലേടേ, ഇനിയെന്ത് ''? എന്ന് സാര് . കുറച്ചു കഴിഞ്ഞപ്പോഴേക്കും മിക്കവരും ഉറങ്ങി.വഴിയില് കോട്ടക്കലും കോഴിക്കോടും വടകരയിലുമൊക്കെ ചിലരൊക്കെ ഇറങ്ങി.ബാക്കിയുള്ളവര് ഉറക്കം തന്നെ .അതിനിടെ ഉറങ്ങാതിരിക്കുകയായിരുന്ന രണ്ടു സീനിയേഴ്സ് നാടകത്തെ കുറിച്ച് പറയുന്നത് കേട്ടു -''അപ്പോള് പാര്വതി:എന്താണു മുഹമ്മദ് നീ പറയുന്നത് ?'' അപ്പോള് മുഹമ്മദ്:പാര്വതീ നമുക്കെന്താണ് സംഭവിക്കുന്നത്?''
Tuesday, 10 September 2013
Sunday, 8 September 2013
പ്രണയ നഷ്ടം
ആയിരത്തൊന്നു രാവില് ഞാന് കഥയായീ കിനാവുമായ് നിറയും മൊഴിയായും നിന് മനസ്സിന് വാതില് മുട്ടി ഞാന് നമുക്കായ് കാടുകള് പൂത്തൂ മഞ്ഞുതിര്ന്നൂ കിനാക്കളില് പിന്നെ നീ കണ്ണനെത്തേടും രാധയായീ , മറന്നുവോ? നിലാവില് ചമ്പകം പൂക്കും സുഗന്ധം വാഴ്വിലാകവേ നിറയുന്നൂ , പകര്ന്നൂ നിന് പ്രണയം വീഞ്ഞു പോലെ നീ തുളുമ്പീ ചഷകം , അന്നു മറന്നൂ നമ്മെ നാം സ്വയം പ്രണയം വഴിയും കാലം മാത്ര പോലെ കടന്നു പോയ് മഥുരയ്ക്കല്ല നീ പോയ് , എന് വിരഹം എരിവേനലായ് തിരികെ വരുമെന്നൊന്നും വാക്കു തന്നതുമില്ല നീ മഴ പെയ്യും മേഘമായ് നിന് മിഴികള് വിരഹാതുരം പടരുന്നൂ മിന്നല് പോലെന് മനസ്സില് വിരഹസ്മൃതി തുളുമ്പീ മിഴിനീര് വീണു പ്രണയം, നമ്മള് തങ്ങളില് പറഞ്ഞൂ - മാറ്റു കൂട്ടുന്നൂ വിരഹം ഏതൊരന്പിനും ഓര്ത്തതില്ലിത്രയൊന്നും നാം വിരഹം വേദനാകരം നിറയുന്നൂ പ്രളയം പോല് നി- ന്നോര്മ്മയെന് ഹൃത്തിലാകവേ അത്രമേലാഴമേറും നിന് സ്നേഹമെന് വാഴ്വിലാകവേ പടരുന്നൂ, അറിവൂ നിന്നെ ഉയിരില് ; ഉടല് നീളെയും കുറിച്ചത്രേ മുഹൂര്ത്തം ; നിന് സ്വയംവര മഹോത്സവ- മടുത്തൂ രഥവേഗങ്ങള്- ക്കൊപ്പമെത്താന് കുതിക്കയായ് മോഹാവേഗം, ക്ഷണമില്ലെ- ന്നൊരുമാത്ര മറന്നു ഞാന് നിനക്കായ് കന്യകേ ഞാന് നൂ- റായിരം വില്ലൊടിച്ചിടാം മൂന്നു ലോകത്തിലും ചെന്നേ- തിന്ദ്രനെയും ജയിച്ച്ചിടാം അറിയാ, മെങ്കിലും നിന്നെ- യെനിക്കായ് നല്കുകില്ലവര് ഹസിച്ചീടാം വെറും ഭ്രാന്ത- മോഹമെന്നേ പുലമ്പിടാം ''കന്യയെ കന്യയോ വേള്ക്കാന് ''!! നടുങ്ങാം കാതു പൊത്തിടാം ആയിരം നാവുകള് മന്ത്ര- മോതിയുച്ചാടനത്തിനായ് എന്റെ സ്നേഹത്തെ നിന്നില് നി- ന്നൊഴിപ്പിച്ചൂ , ജയിച്ചവര് അലയുന്നെന് പ്രണയം രാവും പകലും നിന്റെയോര്മ്മയില് എരിയും വെയിലെന് തപ്ത- നിശ്വാസം , അറിയുന്നുവോ
Saturday, 7 September 2013
എന്റെ ഗ്രാമം
എങ്ങനെ മറക്കേണ്ടു ഞാന് നിന്നെ വെണ്ണിലാവില് ചിരിക്കും പുഴയെ പൊന്നുരുക്കിയൊഴിക്കുന്ന സന്ധ്യ വന്നു പോകുന്ന വേനല്ക്കിനാവില് പുഴ കടന്നോടിയെത്തിയെന് വീട്ടിന് കതകില് മുട്ടുന്ന വേനല്മഴയെ പുഴയിലോളങ്ങള് പോലെ കണ്മുന്നില് ഒഴുകി മാഞ്ഞൊരെന് ബാല്യകാലത്തെ ഭാവനയ്ക്കു ചിറകു വിടര്ത്താന് അതിരു കാണാത്തൊരാകാശമേകി കഥയിലോരോന്നിലും വന്നു നീയെ- ന്നുയിരില് രാജ്യവും രാജാവുമായി സ്വപ്നമായ് പരമാര്ത്ഥമായും നീ സ്വച്ഛമായൊഴുകും കാലമായ് നീ എന്നുമെന് കാമനയ്ക്കുണര്വേകും നിത്യ സാന്നിധ്യമായ് നിന് സ്മൃതികള് നില്പ്പു ജീവന്റെ ജീവനായ് നീ,യെന് - നഷ്ടസ്വപ്നമായ് എന് പ്രിയ ഗ്രാമം. എത്ര രാവും പകലും വരഞ്ഞൂ വര്ണ്ണ ചിത്രങ്ങളെന് സ്മൃതിത്താളില് വന്നു പോം ഋതുവോരോന്നു, മെന്നാ- ലോര്മ്മയില് നീ വസന്തര്ത്തുവെന്നും.
Friday, 6 September 2013
ബാല്യകാല സ്മരണകള്-1
ഞാന് എന്നാണ് ആദ്യമായി കവിത കേട്ടത് എന്ന് കൃത്യമായി അറിയില്ല. എന്റെ ഏറ്റവും ആദ്യത്തെ ഓര്മ്മകളില് തന്നെ കവിതയുണ്ട് . അമ്മ ഒരു മലയാളം അദ്ധ്യാപിക ആയിരുന്നതു കൊണ്ടാവാം വെറുതെ ഇരിക്കുമ്പോഴെല്ലാം 8,9,10 ക്ലാസ്സുകളിലെ പല പദ്യങ്ങളും ചൊല്ലിത്തരുമായിരുന്നു .ഇടശ്ശേരിയുടെ പൂതപ്പാട്ടായിരുന്നു ഒരു പതിവു പദ്യം .എങ്കിലും ഞാന് ആദ്യമായി ഹൃദിസ്ഥ മാക്കിയതും ചൊല്ലിനടന്നതും കര്ഷകന് എന്ന കവിതയായിരുന്നു. ''കൊന്നപ്പൂവിലെ മഞ്ഞകള് മഞ്ഞ- ക്കിളിയുടെ ചുണ്ടിന്നരുണിമ ചേര്ന്നവ മഞ്ജുള,മസ്തമനാദ്രിച്ചെരിവിലെ മഞ്ഞകള് പെയ്തു കിടക്കുംപോലെ '' എന്ന് തുടങ്ങുന്ന കവിത .(അന്നെനിക്ക് കഷ്ടി മൂന്നു വയസ്സ് പോലും കാണില്ലെന്നാണ് പറയപ്പെടുന്നത് ,എനിക്കറിഞ്ഞുകൂട ) പിന്നീട് അക്ഷരം പഠിച്ചു കഴിഞ്ഞതും ഞാന് വീട്ടിലുള്ള സകല പുസ്തകങ്ങളുടെയും മേല് ആക്രമണം തുടങ്ങി .ചങ്ങനാശ്ശേരിപ്പെട്ടി (അമ്മ ബി എഡ് നു പഠിച്ചത് ചങ്ങനാശ്ശേരിയിലായിരുന്നു .അങ്ങനെ ചങ്ങനാശ്ശേരി കണ്ടു തിരിച്ചെത്തിയത് കൊണ്ടാവാം ഈ പേരിലാണ് വീട്ടില് അത് അറിയപ്പെട്ടിരുന്നത്.)യില് നിന്നാണ് കവിയരങ്ങ് ,നവീന കവിതകള് തുടങ്ങിയ പുസ്തകങ്ങള് ഞാന് കണ്ടെടുത്തത്. വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി', ഓ എന് വി യുടെ 'ചോറൂണ്‍', സുഗതകുമാരിയുടെ 'കൃഷ്ണ നീയെന്നെ അറിയില്ല', അയ്യപ്പപ്പണിക്കരുടെ 'ഗോപികാദണ്ഡകം', ആറ്റൂര് രവിവര്മയുടെ 'സംക്രമണം ',കടമ്മനിട്ടയുടെ 'ശാന്ത' ഇവയൊക്കെയാണ് കവിയരങ്ങ് എന്ന പുസ്തകത്തിലുണ്ടായിരുന്നത്.കൂടാതെ 'ജോസ് ജോസഫിന്റെ മരണം', 'വടക്കന് പാട്ട്' തുടങ്ങിയവയും. വയലാറിന്റെ 'സര്ഗ്ഗ സംഗീതം', ഓ എന് വി യുടെ 'നിശാഗന്ധി നീയെത്ര ധന്യ' മുതലായ കവിതകളും 'അര്ക്കം', 'തുളസി', 'കായിക്കരയിലേക്ക് വീണ്ടും', 'അസ്ഥികൂടത്തിന്റെ ചിരി' തുടങ്ങിയവയുമായിരുന്നു നവീന കവിതകള് എന്ന പുസ്തകത്തില് .
Wednesday, 4 September 2013
കാത്തുനില്പ്
ഇലകളൊക്കെപ്പൊഴിഞ്ഞ ശിശിരത്തില് തരളമാം നിനവെല്ലാം മറഞ്ഞുപോയ് പൂവിടും കാലമോര്മ്മയില് മാത്രമായ് കാതരസ്നേഹമവ്യക്ത സ്വപ്നമായ് നീ വരും നാള് കിനാവു കണ്ടാണു ഞാന് നീരവമൊഴുകീടുംനിലാനദി- യോരമാര്ന്നു രാവോരോന്നിലും നിന്നെ വേണുവൂതി വിളിച്ചു സ്നേഹാതുരം.
Tuesday, 3 September 2013
ബൂലോകത്തേക്ക് എന്റെ കാല്വെപ്പ്
കുറച്ചു നാളുകളായി ബ്ലോഗുകള് വായിക്കാന് തുടങ്ങിയിട്ട്.എല്ലാവരും എഴുതുന്നതു കാണുമ്പോള് എനിക്കും എഴുതണമെന്ന് ആഗ്രഹം തോന്നാറുണ്ട് .കഥയെഴുത്ത് എനിക്കു പറഞ്ഞിട്ടുള്ളതല്ലെന്നു പണ്ടേ മനസ്സിലായിരുന്നു .അതുകൊണ്ട് വായനക്കാര് രക്ഷപ്പെട്ടു ,അത്ര തന്നെ . പ്രൈമറി സ്കൂളില് പഠിക്കുന്ന കാലത്ത് ചുമര് മാസികയ്ക്ക് വേണ്ടി ''ആടേ ആടേ കുഞ്ഞാടേ '' പോലുള്ള കുഞ്ഞുകവിതകള് എഴുതിയായിരുന്നു സാഹിത്യലോകത്തേക്കു പിച്ച വച്ചത് .പിന്നീട് ഹൈസ്കൂളില് പഠിക്കുംപോഴൊക്കെ ഒന്നുരണ്ട് കവിതകളൊക്കെ എഴുതിയതായി ഓര്ക്കുന്നു . പ്ലസ് വണ്ണില് വച്ചായിരുന്നു ആദ്യമായി ഒരു മത്സരത്തിനായി കവിതയെഴുതുന്നത് .എന്റെ ഭാഗ്യമോ മറ്റുള്ള കുട്ടികളുടെ നിര്ഭാഗ്യമോ , എനിക്ക് ഒന്നാം സ്ഥാനം കിട്ടി.അന്നൊക്കെ വൃത്തത്തിലായിരുന്നു എഴുത്ത്. പ്ളസ്ടു കഴിഞ്ഞപ്പോള് എന്ട്രന്സ് കോച്ചിംഗിനെന്നു പറഞ്ഞ് ഒരു വര്ഷം തൃശ്ശൂരില് .അവിടെ കുട്ടികളെല്ലാവരും തലകുത്തിമറിഞ്ഞു പഠിക്കുകയാണെന്നാണ് വെപ്പ് .തീര്ച്ചയായും അങ്ങനെയുള്ളവരുണ്ടായിരുന്നു .അവിടെയും റഫ് ബുക്കിന്റെ പിന്നിലെ പേജുകളില് കവിതയെഴുത്ത് തുടര്ന്നു . പിന്നീട് പരിയാരം ഗവ :ആയുര്വേദ കോളേ ജില് (2003-2009) .ആര്ട്സ് ഡെയ്ക്കും മറ്റും ഒന്നുരണ്ടു തവണ സമ്മാനം കിട്ടി .പിന്നീട് സംസ്ഥാന തലത്തിലുള്ള ആയുര് ഫെസ്റ്റില് രണ്ടാം സ്ഥാനം കിട്ടി.അപ്പൊഴേക്കും ഞാന് വൃത്തമില്ലാതെ കവിതയെഴുതാന് പഠിച്ചിരുന്നു (എഴുതിവച്ചിരിക്കുന്നത് എന്താണെന്നു വിധികര്ത്താക്കല്ക്കെന്നല്ല എഴുതിയ നമുക്ക് പോലും മനസ്സിലാവരുത് !!സമ്മാനം ഏതെങ്കിലുമൊന്ന് ഉറപ്പ് )അങ്ങനെ ഒരു തവണ (2005-ലാണെന്നു തോന്നുന്നു ) കണ്ണൂര് യൂനിവേഴ്സിററി കലോത്സവത്തില് മൂന്നാം സ്ഥാനവും ലഭിച്ചു.ഇതൊക്കെയാണ് എന്റെ ഇതുവരെയുള്ള 'സാഹിത്യജീവിത' ചരിത്രം .
Subscribe to:
Comments (Atom)